ഫലസ്തീന്‍ അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍ വിദേശവനിതകള്‍ക്കെതിരേ കേസെടുത്ത് പോലിസ്
എറണാകുളം: ഫലസ്തീനെ അനുകൂലിച്ച് സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡ് നശിപ്പിച്ച സംഭവത്തില്‍ പ്രതികളായ വിദേശവനിതകള്‍ക്കെതിരേ പ്രതിഷേധത്തിനൊടുവില്‍ പോലിസ് കേസെടുത്തു. മട്ടാഞ്ചേരി ഫോര്‍ട്ടുകൊച്ചി ജങ്കാര്‍ ജെട്ടിക്കു സമീപത്തെ റോഡരികില്‍ എസ് ഐഒ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളാണ് ഓസ്ട്രിയന്‍ വംശജരായ രണ്ടു വനിതകള്‍ പരസ്യമായി നശിപ്പിച്ചത്. സംഭവത്തില്‍ എസ് ഐഒ കൊച്ചി ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരേ പോലിസ് കേസെടുത്തത്. ഫഌക്‌സ് ബോര്‍ഡ് നശിപ്പിച്ച വിദേശ വനിതകള്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആദ്യഘട്ടത്തില്‍ ഇവരെ സംരക്ഷിക്കാനാണ് പോലിസ് ശ്രമിച്ചത്. എന്നാല്‍, നാട്ടുകാര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചതോടെ അര്‍ധരാത്രിയിലാണ് പോലിസ് കേസെടുത്തത്. ഇതുസംബന്ധിച്ച് പോലിസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടായിരുന്നു. വനിതകള്‍ക്കെതിരേ ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.