പാലത്തായി പീഡനം: അന്വേഷണ റിപോര്‍ട്ട് ബിജെപി പാളയത്തില്‍ ചുട്ടെടുത്തത്-എന്‍ഡബ്ല്യുഎഫ്
പോക്‌സോ കേസുകളില്‍ ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാമെന്നിരിക്കെ ബിജെപി നേതാവിനെ രക്ഷപ്പെടുത്താന്‍ തുടക്കം മുതല്‍ പോലിസും, ക്രൈംബ്രാഞ്ചും നടത്തിവരുന്ന നാടകത്തിന്റെ തുടര്‍ച്ചയാണ് ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിലൂടെ വെളിവാകുന്നത്.
കോഴിക്കോട്: പാലത്തായി പീഡനക്കേസില്‍ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ റിപോര്‍ട്ട് ബിജെപി ആലയത്തില്‍ ചുട്ടെടുത്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എന്‍ഡബ്ല്യൂഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഷാഹിന. പ്രതിയെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന ഗൂഢനീക്കങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പോക്‌സോ കേസുകളില്‍ ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാമെന്നിരിക്കെ ബിജെപി നേതാവിനെ രക്ഷപ്പെടുത്താന്‍ തുടക്കം മുതല്‍ പോലിസും, ക്രൈംബ്രാഞ്ചും നടത്തിവരുന്ന നാടകത്തിന്റെ തുടര്‍ച്ചയാണ് ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിലൂടെ വെളിവാകുന്നത്. പ്രതിയായ പത്മരാജനെ രക്ഷപ്പെടുത്താനുള്ള നീക്കം ശക്തി പ്രാപിച്ചിരിക്കുന്നു. കുട്ടിയുടെ സ്വഭാവവും, മാനസിക നിലയും മോശമാണന്ന് പറയുകയും ഇരയായ പെണ്‍കുട്ടി കളവ് പറയുകയാണന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കുന്നുവെങ്കില്‍ പിന്നെ ഇരയാക്കപെട്ടവര്‍ക്ക് എവിടെ നിന്നാണ് നീതി ലഭിക്കുക. നാഴികക്ക് നാല്‍പ്പത് വട്ടം സ്ത്രീ സ്വാതന്ത്ര്യത്തെപറ്റി പറയുന്ന ഇടതുപക്ഷ ഭരണത്തിലാണ് ഒരു പെണ്‍കുട്ടിയേയും, അവരുടെ മാതാവിനേയും ഇത്തരത്തില്‍ ആക്ഷേപിച്ചിരിക്കുന്നത്. കേസ് ഏറ്റെടുത്ത ഘട്ടം മുതല്‍ ക്രൈംബ്രാഞ്ച് അന്വേഷണ തലവന്‍ ശ്രീജിത്തിന്റെ സമീപനം സംശയാസ്പദമാണ്. ഇത് ബലപ്പെടുത്തുന്ന സംഭവ വികാസങ്ങളാണ് ഹൈക്കോടതിയില്‍ നടന്നത്.
സംഘപരിവാറുകാര്‍ പ്രതികളാവുന്ന കുറ്റകൃത്യങ്ങളോട് നിരന്തരം മൃദുസമീപനം സ്വീകരിക്കുകയും പ്രതികളെ രക്ഷപ്പെടുത്തുന്നതും ആഭ്യന്തര വകുപ്പിലെ ഹിന്ദുത്വ സ്വാധീനമാണ് വ്യക്തമാക്കുന്നത്. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ കുറ്റപത്രത്തിലൂടെ വീണ്ടും അപമാനിച്ച അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകര്‍ന്നിരിക്കുന്നു. ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ തകര്‍ന്നിരിക്കുന്നു. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ടി ഷാഹിന പ്രസ്താവനയില്‍ പറഞ്ഞു.