പാലത്തായി കേസ് അട്ടിമറി: ഐജി ശ്രീജിത്തിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
ഐജി ശ്രീജിത്തിനും സംഭാഷണങ്ങളും വെളിപ്പെടുത്തലുകളും സമൂഹത്തില്‍ പ്രചരിപ്പിക്കുവാന്‍ കൂട്ടുനിന്ന ആള്‍ക്കും എതിരേ അന്വേഷണം നടത്തി കേസെടുത്തു ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ പരാതിയില്‍ ആവശ്യപ്പെട്ടു
തിരുവനന്തപുരം: ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസ് അട്ടിമറിച്ച ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെതിരേ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി ടോമിന്‍ ജെ തച്ചങ്കരി എന്നിവര്‍ക്ക് പരാതി നല്‍കി.
ഇരയുടെ മൊഴി അവഗണിച്ച് പോക്‌സോ ചുമത്താതെ അവസാന നിമിഷം കുറ്റപത്രം സമര്‍പ്പിച്ചതാണ് പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത്. ഐജി തന്നെ ഔദ്യോഗിക രേഖകളുടെയും ഇരയുടെയും പ്രതിയുടെയും സാക്ഷിയുടെയും കേസിന്റെ രഹസ്യസ്വഭാവത്തിനു വിപരീതമായുള്ള വെളിപ്പെടുത്തലുകള്‍ നടത്തി. 17 മിനിട്ടിലധികം ദൈര്‍ഘ്യമുള്ള കേസിന്റെ സുപ്രധാനമായ രഹസ്യ വിവരങ്ങളടങ്ങിയ ശ്രീജിത്തിന്റെ ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തുകവഴി എതിര്‍കക്ഷി കേസിന്റെ തുടര്‍ അന്വേഷണത്തേയും നടത്തിപ്പിനെയും ബാധിക്കും വിധം കൃത്യവിലോപമാണ് ചെയ്തിരിക്കുന്നത്. ഇരയുടെ മൊഴിയുടെ തുറന്നുപറച്ചിലും ആരെയോ കൊണ്ട് അത് റെക്കോര്‍ഡ് ചെയ്ത് സമൂഹത്തില്‍ വെളിപ്പെടുത്തുന്നതും നിയമപരമായി ശരിയല്ലാത്തതും കേസന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെയും ഭാഗമാണ്.
പീഡിപ്പിക്കപ്പെട്ട ഇരയുടെ കാര്യത്തിലും പ്രതിയാക്കപ്പെട്ടയാളുടെ കാര്യത്തിലും നിയമപരമായുള്ള അന്വേഷണങ്ങളും വിചാരണയും ബാക്കിനില്‍ക്കെ ഇത്തരത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ തന്നെ കേസന്വേഷണത്തിന്റെ രഹസ്യസ്വഭാവമില്ലായ്മ കേരളാ പോലിസ് ആക്ടിലെ വ്യവസ്ഥകളുടെ ലംഘനമാണ്. ഇരയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും ഇരയുടെ സ്വകാര്യതയും മൊഴികളും കാണിച്ചു തരംതാഴ്ത്തപ്പെടുന്ന തരത്തിലുളള പ്രസ്താവനകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിലേക്കു കൂട്ടുനില്‍ക്കുകയുമായിരുന്നു ഐ.ജി. ഈ നടപടികള്‍ പോക്‌സോ ആക്ട് പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ആയതിനാല്‍ ഇതുസംബന്ധിച്ച് സത്വര അന്വേഷണം നടത്തി ഐജി ശ്രീജിത്തിനെതിരേയും സംഭാഷണങ്ങളും വെളിപ്പെടുത്തലുകളും സമൂഹത്തില്‍ പ്രചരിപ്പിക്കുവാന്‍ കൂട്ടുനിന്ന ആള്‍ക്കുമെതിരേ അന്വേഷണം നടത്തി കേസെടുത്തു ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും ജലാലുദ്ദീന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.