പാലത്തായി കേസ്: പ്രതിക്കനുകൂലമായി ഗവ.പ്രോസിക്യൂട്ടര്‍; ഹൈക്കോടതിയില്‍ ഇരയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍, ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റി

സിആര്‍പി 167(2) പ്രകാരം 60 ദിവസം കഴിഞ്ഞാല്‍ പ്രതി ജാമ്യത്തിന് അര്‍ഹനാണെന്ന നിലപാടാണ് സ്‌പെഷ്യല്‍ ഗവ.പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി ഹൈക്കോടതില്‍ സ്വീകരിച്ചത്. ക്രൈംബ്രാഞ്ച് നിയോഗിച്ച കൗണ്‍സിലര്‍മാര്‍ ഇരയായ പെണ്‍കുട്ടി കള്ളം പറയുന്നയാളാണെന്നറിയിച്ചതായും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ രേഖാമൂലവും കോടതിയെ അറിയിച്ചു.

Update: 2020-08-25 13:19 GMT

പി സി അബ്ദുല്ല

കൊച്ചി: പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതിയായ ബിജെപി നേതാവിന്റെ ജാമ്യം റദ്ദക്കണമെന്ന ഹര്‍ജിയുടെ അന്തിമ വാദത്തില്‍ പ്രതിയായ ബിജെപി നേതാവിനനുകൂലമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബിജെപി നേതാവായ പ്രതി ജാമ്യത്തിനര്‍ഹനാണെന്ന നിലപാടു സ്വീകരിച്ച ഗവ.പ്രോസിക്യൂട്ടര്‍, ഇരയെ അപമാനിക്കുന്ന പരാമര്‍ശങ്ങളും കോടതിയില്‍ നടത്തി.

പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതി ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ഇരയുടെ മാതാവിന്റെ ഹര്‍ജി വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.നാളെ വിധി ഉണ്ടായേക്കും.

സിആര്‍പി 167(2) പ്രകാരം 60 ദിവസം കഴിഞ്ഞാല്‍ പ്രതി ജാമ്യത്തിന് അര്‍ഹനാണെന്ന നിലപാടാണ് സ്‌പെഷ്യല്‍ ഗവ.പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി ഹൈക്കോടതില്‍ സ്വീകരിച്ചത്. ക്രൈംബ്രാഞ്ച് നിയോഗിച്ച കൗണ്‍സിലര്‍മാര്‍ ഇരയായ പെണ്‍കുട്ടി കള്ളം പറയുന്നയാളാണെന്നറിയിച്ചതായും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ രേഖാമൂലവും കോടതിയെ അറിയിച്ചു.

അതേസമയം, പാലത്തായി കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ പാളിച്ചകളെ വാദത്തിനിടെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് വിശദമായി പരിശോധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ഇത്ര ദുര്‍ബലമായി അന്വേഷണം നടന്ന കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും പ്രതിക്ക് ജാമ്യം നല്‍കിയതിന്റെ നിയമ സാധുത മാത്രമാണ് പരിശോധിക്കുന്നതെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ പറഞ്ഞു. ഈ നിലയില്‍ കാര്യക്ഷമമല്ലാതെ അന്വേഷണം നടന്ന കേസില്‍ പ്രതിക്ക് 90 ദിവസം ജാമ്യം ലഭിക്കാതിരുന്നത് അല്‍ഭുതമാണെന്നും ഒരു ഘട്ടത്തില്‍ ക്രൈംബ്രാഞ്ചിനെ വിമര്‍ശിച്ചു കൊണ്ട് കോടതി അഭിപ്രായപ്പെട്ടു.

83ാം ദിവസം ഹൈക്കോടതി ജാമ്യം നിഷേധിച്ച കേസില്‍ തൊണ്ണൂറാം ദിവസം തലശ്ശേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചത് കോടതികള്‍ക്കിടയില്‍ പുലര്‍ത്തേണ്ട മര്യാദയുടെ ലംഘനമാണെന്ന് ഇരയുടെ മാതാവിനു വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ വാദിച്ചു. 90 ദിവസത്തിനകം കുറ്റ പത്രം കൊടുത്തതിനാല്‍ സ്വഭാവിക ജാമ്യത്തിന് പ്രതിക്ക് അര്‍ഹതയില്ല.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യത്തിനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഹര്‍ജിയില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ വാദം. കുറ്റപത്രത്തില്‍ നിന്നും പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയതിനാലാണ് ജാമ്യം നല്‍കിയതെന്ന വാദം നിലനില്‍ക്കില്ല. പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയതായി ജാമ്യം നല്‍കിയ കോടതി കണ്ടെത്തിയാല്‍ അത് കോടതിയുടെ അധികാര പരിധി ഇല്ലാതാക്കുന്നതാണ്.

ആ നിലയിലും തലശ്ശേരി കോടതിക്ക് ജാമ്യം നല്‍കാന്‍ അധികാരമില്ല. കേസില്‍ പോക്‌സോ വകുപ്പുകള്‍ നിലനില്‍കുന്നതായി കണ്ടെത്തിയാണ് ജാമ്യം നല്‍കിയതെങ്കില്‍ ഇരയുടെ വാദം കേള്‍ക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍, പ്രതിക്ക് ജാമ്യം നല്‍കുമ്പോള്‍ ഇരയുടെ പക്ഷം കീഴ്‌കോടതി കേട്ടിട്ടില്ല.

പ്രതിക്കെതിരേ പോക്‌സോ കുറ്റം ഇല്ലാത്തതിനാല്‍ ഇരയെ കേള്‍ക്കേണ്ട എന്നാണെങ്കില്‍ പോക്‌സോ ഇല്ലാത്ത കേസ് പരിഗണിക്കാനുള്ള അധികാരവും ജാമ്യം നല്‍കിയ കീഴ്‌ക്കോടതിക്കില്ല. പോക്‌സോ ഒഴിവാക്കിയ കുറ്റപത്രം കൊടുത്തത് പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്‌സോ കോടതിക്ക് നഷ്ടപ്പെട്ടെന്നും ക്രിമിനല്‍ ചട്ടനിയമത്തിന്റെ 439(1അ) പ്രകാരം ഇരയെ കേള്‍ക്കാതെ പ്രതിക്ക് ജാമ്യം നല്‍കിയത് നിയമവിരുദ്ധമാണ്.

പ്രതി വലിയ സ്വാധീനമുള്ള രാഷ്ട്രീയനേതാവായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും സ്‌കൂള്‍ രേഖകള്‍ തിരുത്താനും സാധ്യതയുണ്ട്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലടച്ച് കേസിന്റെ വിചാരണ നടത്തണമെന്നും അഡ്വ.മുഹമ്മദ് ഷാ വാദിച്ചു.

Tags:    

Similar News