പാലത്തായി: ക്രൈം ബ്രാഞ്ച് നടപടി സ്വാഗതം ചെയ്ത് ലീഗ്-സിപിഎം നേതൃത്വത്തിലുള്ള കര്‍മ സമിതി
പി സി അബ്ദുല്ല
കണ്ണൂര്‍: പാലത്തായി ബാലികാ പീഡനക്കേസില്‍ ആക്ഷന്‍ കമ്മിറ്റിക്കെതിരായ ആക്ഷേപങ്ങള്‍ ബലപ്പെടുത്തി ഭാരവാഹികളുടെ പ്രതികരണങ്ങള്‍. കേസില്‍ ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച ഭാഗിക കുറ്റ പത്രത്തിനെതിരേ വ്യാപക പ്രതിഷേധമുയരുമ്പോഴും പാലത്തായി കര്‍മ സമിതി ഭാരവാഹികളായ ലീഗ്-സിപിഎം നേതാക്കള്‍ ക്രൈംബ്രാഞ്ച് നടപടിയെ പിന്തുണക്കുകയാണ്. ബിജെപി നേതാവിനെ രക്ഷിക്കാന്‍ സിപിഎം ഒത്തുകളിച്ചുവെന്നും ലീഗ് മൗനം പാലിച്ചു എന്നുമുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് ലീഗ്, സിപിഎം നേതാക്കളുടെ ക്രൈംബ്രാഞ്ചിന് അനുകൂലമായ നിലപാട്. പ്രതിയായ ബിജെപി നേതാവിനെതിരേ പോക്‌സോ കുറ്റം ചുമത്താത്ത ക്രൈംബ്രാഞ്ച് നടപടിയെ പിന്തുണക്കുന്നതായി ആക്ഷന്‍ കമ്മിറ്റി കണ്‍വീനറായ സിപിഎം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കൂടിയായ എം പി ബൈജു തേജസ് ന്യൂസിനോട് പറഞ്ഞു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് നടപടിയില്‍ അപാകതയില്ലെന്ന് കര്‍മ സമിതി ചെയര്‍മാനായ അശ്‌റഫ് പാലത്തായി തേജസിനോട് പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പോക്‌സോ ചുമത്തി എന്നാണ് സിപിഎം നേതാവായ ബൈജു ആദ്യം തേജസ് ന്യൂസിനോട് പ്രതികരിച്ചത്. പോക്‌സോ ചുമത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. ഭാഗിക കുറ്റപത്രമാണ് സമര്‍പ്പിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നതായും ബൈജു പറഞ്ഞു. അതേസമംയം, കുറ്റപത്രത്തില്‍ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടുത്താത്തതില്‍ അപാകതയൊന്നും തോന്നുന്നില്ലെന്ന് കര്‍മ സമിതി ചെയര്‍മാനും ലീഗ് പ്രാദേശിക നേതാവുമായ അശ്‌റഫ് പാലത്തായി പറഞ്ഞു. കുട്ടിയുടെ മൊഴിയനുസരിച്ചുള്ള അന്വേഷണം പൂര്‍ത്തിയാവാത്തതിനാലാണ് പോക്‌സോ വകുപ്പ് ചുമത്താത്തതെന്നും തുടരന്വേഷണത്തിന് സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈംബ്രാഞ്ച് നടപടിയും കേസില്‍ സിപിഎമ്മിന്റെ ഒളിച്ചുകളിയും ലീഗ് കേന്ദ്രങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. കുറ്റപത്രം നല്‍കാത്തതിനെതിരായ പ്രതിഷേധ പരിപാടികളില്‍ എംഎസ്എഫ് വനിതാ നേതാക്കള്‍ വരെ രംഗത്തുവരികയും ചെയ്തു. എന്നാല്‍, സിപിഎമ്മിനെയും ക്രൈം ബ്രാഞ്ചിനെയുമൊക്കെ പൂര്‍ണമായി പിന്തുണച്ചാണ് പാലത്തായി കേസ് കര്‍മ സമിതി ചെയര്‍മാനായ ലീഗ് നേതാവ് പ്രതികരിച്ചത്.
Palathayi: League-CPM led action committee welcomes crime branch action