പാലത്തായി പീഡനം; പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കം നിയമവാഴ്ചയോടുള്ള വെല്ലുവിളി-പോപുലര്‍ ഫ്രണ്ട്

Update: 2020-04-14 07:30 GMT

കണ്ണൂര്‍: പാനൂരിനടുത്ത് പാലത്തായിയിലെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി പീഡിപ്പിച്ച ബിജെപി നേതാവും സ്‌കൂള്‍ അധ്യാപകനുമായ പത്മരാജനെ അറസ്റ്റ് ചെയ്യാത്തത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി എം നസീര്‍ പ്രസ്താവനയില്‍ പറഞ്ഞു. പീഡനവിവരം പുറത്തുവന്നിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും പോലിസ് പുലര്‍ത്തുന്ന നിസ്സംഗത ഗൗരവതരമാണ്. സംഭവം നടന്ന ആദ്യ ദിവസങ്ങളില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഉണ്ടായിട്ടും തികച്ചും നിരുത്തരവാദപരമായാണ് പോലിസ് പെരുമാറിയത്. ബിജെപി നേതാക്കളും പോലിസും ആഭ്യന്തരവകുപ്പും ചേര്‍ന്നുള്ള ഒത്തുകളി ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പ്രതിയെ കണ്ടെത്താനും ജയിലിലടക്കാനും വേഗത്തില്‍ കഴിയുമെന്നിരിക്കെ പോക്‌സോ നിയമം ചുമത്തിയ കുറ്റമായിട്ടും പോലിസ് ശരിയായ ഇടപെടല്‍ നടത്തുന്നില്ല. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രക്ഷോഭങ്ങള്‍ നടത്താന്‍ പറ്റാത്ത സാഹചര്യത്തെ അധികാരികള്‍ ദുരുപയോഗം ചെയ്യുകയാണ്.

    ആരോഗ്യ മന്ത്രിയുടെ നിയോജക മണ്ഡലത്തില്‍ നടന്ന സംഭവത്തില്‍ മന്ത്രി പ്രതികരിക്കാത്തതും ദുരൂഹമാണ്. മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ പീഡനം നടത്തിയ പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ബിജെപിയോട് ആഭ്യന്തരവകുപ്പ് തുടര്‍ന്നുവരുന്ന അഡ്ജസ്റ്റ്‌മെന്റ് ഇക്കാര്യത്തിലും തുടരാനാണ് നീക്കമെങ്കില്‍ നിയന്ത്രങ്ങള്‍ക്കുള്ളിലെ പരിമിതിക്കുള്ളില്‍ നിന്ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരാവും. അധികാരികള്‍ അതിന് ഇടവരുത്തരുതെന്നും ഇരക്ക് നീതി ലഭിക്കാന്‍ ആവശയമായ നടപടി എടുക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Tags:    

Similar News