കണ്ണൂര്‍: പാനൂരിനു സമീപം പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍, ഒരു മാസമെത്താറായപ്പോള്‍ പ്രതിഷേധം ശക്തമായതോടെ റെയ്ഡുമായി പോലിസ്. കേസിലെ പ്രതിയും ബിജെപി നേതാവും അധ്യാപകനുമായ പദ്മരാജനെ കണ്ടെത്താന്‍ വേണ്ടിയാണ് നാല് ബന്ധുവീടുകളില്‍ പോലിസ് റെയ്ഡ് നടത്തിയത്. എന്നാല്‍, പ്രതിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ലെന്നാണ് പോലിസ് പറയുന്നത്. പോക്‌സോ കേസിലെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് പ്രതിയെ സംരക്ഷിക്കുന്ന നിലപാടില്‍ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മണ്ഡലത്തില്‍ നടന്ന സംഭവത്തിലെ പ്രതിയെ രക്ഷിക്കാന്‍ ബിജെപിയുടെ ഉന്നത നേതാക്കളുടെ ഒത്താശയോടെ പോലിസിലെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം. ഇതിനിടെ, ഇന്നലെ ഒരു സ്വകാര്യ ചാനലില്‍ മന്ത്രി കെ കെ ശൈലജയുമായുള്ള ഫോണ്‍ ഇന്‍ പരിപാടിയില്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പോലിസിനു നാണക്കേടാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടാവുമെന്നുമാണ് മന്ത്രി പ്രതികരിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ സര്‍ക്കാരിനു കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം, പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമമാണ് പോലിസിന്റെ റെയ്ഡ് നാടകമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
അതിനിടെ, കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ സഹപാഠിയില്‍നിന്നു മൊഴിയെടുത്ത് തെളിവായി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. അധ്യാപകന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് അറിയാമായിരുന്നുവെന്ന് സഹപാഠി നേരത്തേ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, മറ്റു കുട്ടികളോടും പത്മരാജന്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും അധ്യാപികമാരോട് പരാതി പറഞ്ഞിരുന്നുവെന്നും സഹപാഠി വ്യക്തമാക്കിയിരുന്നു. സഹപാഠിയുടെ മൊഴി കേസില്‍ നിര്‍ണായക തെളിവാകുമെന്ന് വിലയിരുത്തല്‍.