പാലത്തായി പീഡനം: പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍; സ്‌റ്റേഷനില്‍ സമരത്തില്‍

Update: 2020-04-15 06:23 GMT

കണ്ണൂര്‍: പാനൂരിനു സമീപം പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവ് കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സമരം. പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ എസ് പി ഓഫിസിനു മുന്നില്‍ നിരാഹാരസമരം ആരംഭിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലിസെത്തി അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, നേതാക്കളായ വിനേഷ് ചുള്ളിയാന്‍, കമല്‍ ജിത്ത്, സന്ദീപ് പാണപ്പുഴ, സുധീപ് ജെയിംസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


സാമൂഹിക അകലം പാലിച്ചും മുഖാവരണം ധരിച്ചുമാണ് നേതാക്കള്‍ സമരത്തിനെത്തിയത്. എന്നാല്‍, കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ സമരം തുടരുമെന്ന് അറിയിച്ച നേതാക്കള്‍ സ്റ്റേഷനുള്ളിലും നിരാഹാരം തുടരുകയാണ്. പാലത്തായിയില്‍ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അധ്യാപകന്‍ പത്മരാജനെതിരേ പരാതി നല്‍കിയിട്ട് ഒരു മാസം പിന്നിട്ടിട്ടും അറസ്റ്റ് വൈകുന്നതിനെതിരേ പ്രതിഷേധം വ്യാപിക്കുകയാണ്. അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ സമരം തുടരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി സന്ദര്‍ശിച്ചു.







Tags:    

Similar News