ജന്മനാടിന്റെ കഥ പറഞ്ഞ രിഫ്അത് അല്‍ അര്‍ഈര്‍
ഫലസ്തീന്‍ ബുദ്ധിജീവിയും എഴുത്തുകാരനുമായിരുന്ന രിഫ്അത് അല്‍ അര്‍ഈറിനെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് ഒരു വര്‍ഷം
ഗസാ മുനമ്പില്‍ ഇസ്രായേല്‍ വംശഹത്യാതിക്രമം തുടങ്ങിയതിന്റെ മൂന്നാം നാള്‍ ബുദ്ധിജീവിയും എഴുത്തുകാരനുമായ പ്രഫ. രിഫ്അത് അല്‍ അര്‍ഈര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു: ''ഞാന്‍ ഒരു അക്കാദമികനാണ്. മിക്കവാറും എന്റെ വീട്ടിലുണ്ടാകാവുന്ന ഏറ്റവും കട്ടിയുള്ള വസ്തു ഒരു എക്‌സ്‌പോ മാര്‍ക്കര്‍ ആയിരിക്കാം. എന്നാല്‍, ഇസ്രായേലികള്‍ കടന്നുകയറിയാല്‍.... ഞാന്‍ ചെയ്യുക ആ മാര്‍ക്കര്‍ കൊണ്ട് ഇസ്രായേലി സൈനികരെ എറിയുക എന്നതായിരിക്കും. ഒരു പക്ഷേ, എനിക്ക് ചെയ്യാന്‍ കഴിയുന്ന അവസാന കൃത്യം അതുമാത്രമായിരിക്കാമെങ്കിലും....'' ഉപരോധം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഒരിടത്തിരുന്നു നല്‍കിയ ലൈവ് അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
മൂന്നു മാസങ്ങള്‍ക്കു ശേഷം 2023 ഡിസംബര്‍ 6ന്, ഇസ്രായേല്‍ നടത്തിയ ഒരു വ്യോമാക്രമണത്തില്‍, വടക്കന്‍ ഗസയിലെ തന്റെ സഹോദരിയുടെ വീട്ടില്‍ വച്ച് അദ്ദേഹം രക്തസാക്ഷിയായി. സഹോദരി അസ്മായും മൂന്നുകുട്ടികളും അദ്ദേഹത്തിന്റെ സഹോദരന്‍ സ്വലാഹും മകന്‍ മുഹമ്മദും അന്നത്തെ സയണിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കവിയും എഴുത്തുകാരനും അധ്യാപകനും എന്ന നിലയില്‍ പേനയായിരുന്നു പ്രഫ. രിഫ്അത് അല്‍ അര്‍ഈറിന്റെ ആയുധം. തന്റെ ജനതയുടെ കഥ പറയാനും അവരുടെ പ്രതിരോധത്തിനും പേനയാണ് അദ്ദേഹം ആയുധമാക്കിയത്.
2011ല്‍ അദ്ദേഹം എഴുതിയ 'ഇഫ് ഐ മസ്റ്റ് ഡൈ' (If I must die)എന്ന കവിത മരിക്കുന്നതിന് ഒരു മാസം മുമ്പ് അദ്ദേഹം എക്‌സില്‍ പങ്കുവച്ചിരുന്നു. ഇസ്രായേല്‍ അധിനിവേശത്തില്‍നിന്നും അടിച്ചമര്‍ത്തലില്‍നിന്നും ഫലസ്തീനികളുടെ വിമോചന പോരാട്ടത്തിന്റെ രൂപാത്മകമായ ഓര്‍മപ്പെടുത്തലായി ആ കവിത. നടനായ ബ്രയാന്‍ കോക്‌സ് ഫലസ്തീന്‍ സാഹിത്യോല്‍സവത്തില്‍ ആ കവിത വികാരതീവ്രതയോടെ ആവിഷ്‌കരിച്ചു.
'ഞാന്‍ മരിക്കണമെങ്കില്‍, നിങ്ങള്‍ ജീവിക്കണം,
എന്റെ കഥ പറയാന്‍, എന്റെ സാധനങ്ങള്‍ വില്‍ക്കാന്‍,
ഒരു കഷണം തുണിയും കുറച്ചു ചരടുകളും വാങ്ങാന്‍,
ഞാന്‍ മരിക്കണമെങ്കില്‍, അത് പ്രതീക്ഷ കൊണ്ടുവരണം,
അതൊരു കഥയായിരിക്കണം'
Brian Cox reads If I Must Die, by beloved Palestinian poet, teacher and martyr Refaat Alareer.
— Palestine Festival of Literature (@PalFest) December 12, 2023
Refaat was killed on December 7th by an Israeli airstrike.
This was the last poem he published. pic.twitter.com/sMVocn3nGA
ഡിസംബര്‍ 4ന്, തന്റെ മരണത്തിന് രണ്ടുദിവസം മുമ്പ് രിഫ്അത് അല്‍ അര്‍ഈര്‍ എക്‌സില്‍ കുറിച്ചു: ''ഞാന്‍ ഒരു സ്വാതന്ത്ര്യ പോരാളി ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, ഇസ്രായേലി വംശഹത്യാ ഭ്രാന്തന്മാര്‍ എന്റെ നഗരവും അയല്‍വീടുകളും അധിനിവേശത്തിന് അധീനമാക്കുമ്പോള്‍ എനിക്ക് സ്വയം പ്രതിരോധം തീര്‍ക്കാന്‍ കഴിയുമായിരുന്നു''.
''കെട്ടിടം കുലുങ്ങുകയാണ്. പാറക്കഷണങ്ങളും ബോംബ് ചീളുകളും ഭിത്തികളില്‍ ആഞ്ഞു പതിക്കുന്നു. അവ തെരുവുകളില്‍ ചീറിപ്പായുന്നു. ഇസ്രായേല്‍ ബോംബിങും ഷെല്‍ വര്‍ഷവും വെടിവയ്പും അവസാനിപ്പിച്ചിട്ടില്ല. ഞങ്ങള്‍ക്കു വേണ്ടി, ഗസയ്ക്കു വേണ്ടി പ്രാര്‍ഥിക്കുക''. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷം കഴിഞ്ഞ് ഇപ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രതിധ്വനിക്കുന്നു, ബോംബുകളായി, ഷെല്‍ വര്‍ഷമായി, നിലയ്ക്കാത്ത വെടിയൊച്ചകളായി.
ഗസയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ സ്‌നേഹധനനായ സാഹിത്യാധ്യാപകനും സര്‍ഗാത്മക പ്രതിഭയും 'വീ ആര്‍ നോട്ട് നമ്പേഴ്‌സ്'പദ്ധതി(We Are Not Numbers Project)യുടെ സഹസ്ഥാപകനുമെന്ന നിലയില്‍ അസംഖ്യം യുവജനങ്ങളെയാണ് അല്‍ അര്‍ഈര്‍ പ്രചോദിപ്പിച്ചിരുന്നത്. ഫലസ്തീന്‍ ജനതയുടെ അനുഭവങ്ങളുടെ കഥ പറയാന്‍ ആ യുവതയെ സ്വന്തമായ ഒരു ആഖ്യാനരീതി സ്വായത്തമാക്കാന്‍ അല്‍ അര്‍ഈര്‍ പരിശീലിപ്പിച്ചു. തന്റെ ജനതയുടെ വാമൊഴി ചരിത്രം സംരക്ഷിക്കുന്നതില്‍ തല്‍പ്പരനായിരുന്നു അദ്ദേഹം. കഥകള്‍ അവരെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു.
''ഞാന്‍ ഇന്നത്തെ ഞാനായത് കഥകള്‍ കേട്ടാണ്''. ഉമ്മയും വല്യുമ്മയും അദ്ദേഹത്തിന് കഥകള്‍ പറഞ്ഞു കൊടുത്തിരുന്നു. ''എനിക്ക് മൂല്യങ്ങളും ധാര്‍മികതയും പറഞ്ഞു പഠിപ്പിച്ചത് എന്റെ ഉമ്മയായിരുന്നു. അവര്‍ ജനങ്ങളെ സ്‌നേഹിക്കാന്‍ എന്നെ പഠിപ്പിച്ചു; ഒപ്പം എന്റെ രാജ്യത്തെ സ്‌നേഹിക്കാനും''- അല്‍ അര്‍ഈര്‍ പറഞ്ഞു.
''ഫലസ്തീനികളെന്ന നിലയില്‍ ഞങ്ങളുടെ ജീവിതത്തില്‍ കഥകളും പ്രധാനമാണ്; അധിനിവേശത്തിനു കീഴില്‍ ഞെരിഞ്ഞമരുന്ന ജനതയെന്ന പോലെ, ഈ മണ്ണില്‍ അധിവസിക്കുന്ന നാട്ടുകാരനെന്ന പോലെ കഥകള്‍ ഞങ്ങളെ നിര്‍മിക്കുക മാത്രമല്ല, രൂപപ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങളെ ഞങ്ങളാക്കി മാറ്റുന്നതു പോലെ ഞങ്ങളുടെ ഭൂതകാലവുമായും വര്‍ത്തമാനവുമായും കഥകള്‍ ഞങ്ങളെ ബന്ധിപ്പിക്കുന്നു. ഭാവിയുമായി ഞങ്ങളെ ബന്ധിപ്പിക്കാനും ആ കഥകള്‍ ഒരുങ്ങുകയാണ്''- അല്‍ അര്‍ഈര്‍ പങ്കുവച്ചു.
''ഒരു കുട്ടിയായിരുന്നപ്പോഴത്തെ, പുതുമണവാട്ടിയായിരുന്നപ്പോഴത്തെ കഥകളെല്ലാം വല്യുമ്മ ഞങ്ങള്‍ക്ക് പറഞ്ഞുതന്നിരുന്നു. മാസങ്ങളോളം നിലമുഴുന്നതിന്റെയും വിളവെടുക്കുന്നതിന്റെയും കഥകള്‍... എന്നാല്‍, ആ മണ്ണിന്നു ഞങ്ങളുടേതല്ല, കാരണം അത് അധിനിവേശം അധീനപ്പെടുത്തിയിരിക്കുന്നു''.
''ആ ഭൂമി ഭൗതികാര്‍ഥത്തില്‍ അധിനിവേശകര്‍ കവര്‍ന്നെടുത്തിരിക്കാം. പക്ഷേ, ഞങ്ങളുടെ നിനവുകളില്‍, ഞങ്ങളുടെ ഹൃദയങ്ങളില്‍ അതിപ്പോഴും ജീവിക്കുന്നു. ഞങ്ങള്‍ക്കത് എളുപ്പം കാഴ്ചയില്‍ തെളിയും''. പ്രഭാഷണങ്ങള്‍ക്കൊടുവില്‍ മാതാപിതാക്കളോടും വല്ല്യുപ്പ, വല്ല്യുമ്മമാരോടും 'ഞങ്ങള്‍ക്ക് കഥകള്‍ പറഞ്ഞു തരൂ' എന്ന് അപേക്ഷിക്കാനും തങ്ങളുടെ കുട്ടികളുമായി അവ പങ്കുവയ്ക്കാനും തന്റെ ശ്രോതാക്കളെ അദ്ദേഹം പ്രോല്‍സാഹിപ്പിക്കുമായിരുന്നു.
''കാരണം, നമ്മള്‍ അതു ചെയ്യുന്നില്ലെങ്കില്‍, കഥകള്‍ ഇവിടെ അവസാനിക്കുന്നുവെങ്കില്‍, നാം നമ്മെത്തന്നെയാണ് വഞ്ചിക്കുന്നത്. നമ്മുടെ കഥകളെ, നമ്മുടെ മാതാപിതാക്കളെ, നമ്മുടെ പിതാമഹന്മാരെ, നമ്മുടെ ജന്മനാടിനെ ഒക്കെയാണ് നമ്മള്‍ വഞ്ചിക്കുന്നത്''-അദ്ദേഹം തുടരുന്നു.
1979 സെപ്റ്റംബര്‍ 23ന് ഗസാ സിറ്റിയിലെ ശജാഇയയിലാണ് രിഫ്അത് അര്‍ അര്‍ഈര്‍ ജനിച്ചത്. ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ''എന്റെ ഓരോ ചലനത്തിലും, ഞാനെടുത്ത ഓരോ തീരുമാനത്തിലും എന്നെ സ്വാധീനിച്ചത് ഇസ്രായേല്‍ അധിനിവേശമായിരുന്നു''.
''ഒരു കുട്ടിയായിരുന്നപ്പോള്‍ ഇസ്രായേല്‍ മിലിറ്ററി ജീപ്പുകള്‍ക്കു നേരെ ഞാന്‍ കല്ലുകള്‍ എറിയുമായിരുന്നു. പട്ടങ്ങള്‍ പറത്തുമായിരുന്നു. വായിക്കുമായിരുന്നു'' -അദ്ദേഹം അനുസ്മരിച്ചു.
''ചിലപ്പോഴെല്ലാം ജന്മനാട് ഒരു കഥയായി മാറുന്നു. ആ കഥ നമുക്ക് ഇഷ്ടമാണ്. കാരണം അത് നാം പിറന്ന നാടിന്റെ കഥയാണ്. ജനിച്ച നാടിനെ കഥകളേക്കാളധികം നാം സ്‌നേഹിക്കുന്നു''.
ഒരു വിമോചിത ഫലസ്തീനു വേണ്ടി തങ്ങളാലാവും വിധം പൊരുതുകയും മരിക്കുകയും ചെയ്ത അനേകം ഫലസ്തീനികളെ പോലെ അല്‍ അര്‍ഈറും സമരജീവിതത്തിനായി സംഭാവനകളര്‍പ്പിച്ചാണ് ഈ ഭൂമിയില്‍നിന്ന് വിടവാങ്ങിയത്.
രിഫ്അത് അല്‍ അര്‍ഈറിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പ്രഥമ രക്തസാക്ഷി സ്മരണ ദിനത്തില്‍ ശഹദ് അഹ്മദ് അല്‍നാമി എഴുതുന്നു:
നമ്മില്‍ പലരും ഇപ്പോഴും
നമ്മുടെ ഫോണുകള്‍ പിടിച്ചിരിക്കുന്നു
നിങ്ങളുടെ കവിതകള്‍ വായിക്കുന്നു
പ്രതീക്ഷകള്‍ നഷ്ടമാവാതെ തന്നെ,
പക്ഷേ,...
ഭയത്തില്‍ നിദ്ര പൂണ്ട് നാമെല്ലാം തളര്‍ന്നു
പലായനം ചെയ്ത് അവശരായി,
തമ്പുകളില്‍ തങ്ങുന്നു,
ഭീകരത നമ്മെ വേട്ടയാടുന്നു
നമ്മുടെ മനസ്സിലത് ഇപ്പോഴും തങ്ങിനില്‍ക്കുന്നു
ഒരു മിസൈല്‍ നിശ്ശബ്ദതയെ ഭേദിക്കുന്നു
എല്ലാ തമ്പുകളും ചുട്ടെരിക്കുന്നു
നിങ്ങളെയുള്‍പ്പെടെ,
ഞാന്‍ മറന്നിട്ടില്ല,
രാത്രികള്‍ പേക്കിനാവുകളാവുന്നു
കോച്ചി വിറക്കുന്ന തണുപ്പില്‍
കൊച്ചുകുട്ടികള്‍ നിലവിളിക്കുന്നു,
അവരുടെ ചിരി,
എത്ര മനോഹരമായിരുന്നു ഒരു നാളത്,
ഇപ്പോള്‍ അത് വിദൂരമായ പ്രതിധ്വനി മാത്രം
നാം ഭയത്തില്‍നിന്ന് തിരികെ വരാന്‍ കൊതിക്കുന്നു,
എപ്പോള്‍?....
രക്തപങ്കിലമായ ഈ രാവുകള്‍ക്ക് അവസാനമുണ്ടോ?
എന്നാണ് ഈ ദുരന്തങ്ങള്‍ക്ക് അറുതിയാവുക?
നമ്മുടെ സാധാരണ ജീവിതം
തിരികെ കിട്ടുന്നതെന്നാണ്?
നമ്മുടെ വിദൂര സ്വപ്‌നങ്ങള്‍
സത്യമായ് പുലരുമോ?
ഞങ്ങള്‍ ചോദിക്കുന്നു,
ഈ സമയവും കടന്നുപോവുമോ?
താങ്കളത് പറയുമായിരുന്നത് എങ്ങനെയെന്ന്
ഇന്നു ഞങ്ങളോര്‍ക്കുന്നു,
'അതും കടന്നുപോവും,
അതും കടന്നുപോവുമെന്ന്
ഞാന്‍ പ്രത്യാശിക്കുന്നു'.....
ആ ദിനത്തിനായ് ഞങ്ങളിപ്പോഴും
കാത്തിരിക്കുകയാണ്,
സമാധാനം പുലരും,
പുതിയൊരു അധ്യായം
അതിന്റെ മങ്ങിയ കണ്ണുകള്‍ വിടര്‍ത്തുന്നു...
കടപ്പാട്: ഫലസ്തീന്‍ ക്രോണിക്ക്ള്‍
മൊഴിമാറ്റം: കെ എച്ച് നാസര്‍