പാനായിക്കുളം കേസ്: ജയില്‍ മോചിതര്‍ക്ക് ജന്‍മനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്(വീഡിയോ)
വളരെയധികം സന്തോഷത്തോടെയാണ് നില്‍ക്കുന്നതെന്നും മനസ്സില്‍ വലിയൊരു സങ്കടമായി നില്‍ക്കുന്നത് ശൈഖുനാ ഈസ ഉസ്താദിന്റെ വിയോഗമാണെന്ന് റാസിക് പറഞ്ഞു
ഈരാറ്റുപേട്ട: പാനായിക്കുളം കേസില്‍ ഹൈക്കോടതി വെറുതെവിട്ടതിനെ തുടര്‍ന്ന് ജയില്‍മോചിതരായ യുവാക്കള്‍ക്ക് ജന്‍മനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്പ്. ഈരാറ്റുപേട്ട സ്വദേശികളായ അബ്ദുര്‍ റാസിക്, വടക്കേക്കര ഷമ്മി എന്ന ഷമ്മാസ് എന്നിവരെയാണ് രാത്രി 12.45ഓടെ ഈരാറ്റുപേട്ട പൗരാവലി സ്വീകരിച്ച് ആനയിച്ചത്. തുറന്ന വാഹനത്തില്‍ ആനയിച്ച ഇരുവരെയും കാത്ത് നാട്ടുകാര്‍ ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു. ഈരാറ്റുപേട്ട ഇളപൊങ്കല്‍ ദാറുസ്സലാം മസ്ജിദിനു സമീപം നാട്ടുകാരും സുഹൃത്തുക്കളും മുദ്രാവാക്യങ്ങളോടെയാണ് യുവാക്കളെ വരവേറ്റത്. നിരപരാധിത്വം തെളിയിക്കപ്പെട്ട് നാട്ടിലെത്തിയവര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ നിരവധി പേരാണെത്തിയത്. തുടര്‍ന്നു ഈരാറ്റുപേട്ട് സ്വദേശി അബ്ദുര്‍ റാസിക് എല്ലാവര്‍ക്കും നന്ദിയറിയിച്ച് മറുപടിപ്രസംഗം നടത്തി. വളരെയധികം സന്തോഷത്തോടെയാണ് നില്‍ക്കുന്നതെന്നും മനസ്സില്‍ വലിയൊരു സങ്കടമായി നില്‍ക്കുന്നത് ശൈഖുനാ ഈസ ഉസ്താദിന്റെ വിയോഗമാണെന്ന് റാസിക് പറഞ്ഞു. ഇത്തരം പോരാട്ടങ്ങള്‍ക്ക് എന്നും ഊര്‍ജ്ജമേകിയ ഈസ മമ്പഈ ഉസ്താദിന്റെ അഭാവം മനസ്സിനെ ശരിക്കും വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. നമുക്ക് വേണ്ടി പ്രാര്‍ഥിച്ച ഈരാറ്റുപേട്ടയിലെയും മറ്റുള്ളിടത്തെയും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരസ്യമായി സെമിനാര്‍ സംഘടിപ്പിച്ചതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് എന്‍ഐഎ കോടതി റാസിഖിനും ശാദുലിക്കും 14 വര്‍ഷവും മറ്റുള്ളവര്‍ക്ക് 12 വര്‍ഷവും തടവ് ശിക്ഷ വിധിച്ചത്. എന്നാല്‍, കേസില്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇന്ന് ഉച്ചയോടെ മുഴുവന്‍ പ്രതികളെയും വെറുതെവിടുകയായിരുന്നു.