ഡിവൈഎസ്പിയെ വേട്ടയാടി അഫ്‌സല്‍ ഗുരുവിന്റെ നിഴല്‍; ദേവീന്ദര്‍ സിങിന്റെ് പാര്‍ലമെന്റ് ആക്രമണ കേസിലെ പങ്ക് അന്വേഷിക്കും: ഐജി
2001ലെ പാര്‍ലമെന്റ് ആക്രമണക്കേസിലും ജമ്മു കശ്മീരിലുണ്ടായ മറ്റു വലിയ കേസുകളിലും ഇയാള്‍ക്കുള്ള പങ്ക് സംബന്ധിച്ചാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയരുന്നത്.
ശ്രീനഗര്‍: 'ഭീകരര്‍ക്കൊപ്പം'കഴിഞ്ഞ ദിവസം പിടിയിലായ കശ്മീര്‍ ഡിവൈഎസ്പി ദേവീന്ദര്‍ സിങിന്റെ അറസ്റ്റ് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കുന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസിലും ജമ്മു കശ്മീരിലുണ്ടായ മറ്റു വലിയ കേസുകളിലും ഇയാള്‍ക്കുള്ള പങ്ക് സംബന്ധിച്ചാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയരുന്നത്. പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ കേസില്‍ കുരുക്കിയത് ദേവീന്ദര്‍ സിങ് ആണെന്ന ആക്ഷേപം ശക്തമാണ്. ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് തിഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ട അഫ്‌സല്‍ ഗുരു 2004ല്‍ തന്റെ അഭിഭാഷകന്‍ സുശീല്‍ കുമാറിന് അയച്ച കത്തില്‍ ദേവീന്ദര്‍ സിങിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ദേവീന്ദര്‍ സിങാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാളായ മുഹമ്മദിന് ദല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്നും അയാളേയും കൂട്ടി ദല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടതു കൂടാതെ പ്രതിക്ക് താമസം ഒരുക്കാനും കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കാനും ദേവീന്ദര്‍ സിങ് നിര്‍ബന്ധിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ദേവീന്ദര്‍ സിങ് തന്നെ കുടുക്കുകയായിരുന്നുവെന്നും അഫ്‌സല്‍ ഗുരു വ്യക്തമാക്കിയിരുന്നു. മറ്റൊരു പോലിസ് ഉദ്യോഗസ്ഥനായ ശാന്തി സിങിന്റെ പേരും അഫ്‌സല്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. ദേവീന്ദര്‍ സിങിനൊപ്പം ഹംഹാമ എസ്ടിഎഫ് ക്യാംപില്‍ വച്ച് ഇയാളും തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ബുഡ്ഗാമിലെ എസ്എസ്പി അഷാക് ഹുസൈന്റെ (ബുഖാരി) ഭാര്യ സഹോദരന്‍ അല്‍താഫ് ഹുസൈന്റെ പേരും കത്തിലുണ്ടായിരുന്നു. 2013 ഫെബ്രുവരി 9നാണ് അഫ്‌സലിനെ തൂക്കിലേറ്റിയത്.
അതേസമയം, ദേവീന്ദര്‍ സിങിന് പാര്‍ലമെന്റ് ആക്രമണ കേസിലുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കശ്മീര്‍ ഐ ജി വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അഫ്‌സല്‍ ഗുരുവിന്റെ കത്തിലെ വെളിപ്പെടുത്തല്‍ നേരത്തേ ചര്‍ച്ചയായിരുന്നുവെങ്കിലും പാര്‍ലമെന്റ് ആക്രമണ കേസില്‍ ദേവിന്ദര്‍ സിങ്ങിന്റെ പങ്ക് സംബന്ധിച്ച് ഇതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ല. തങ്ങളുടെ രേഖകളില്‍ അത്തരത്തിലുള്ള ഒന്നും തന്നെയില്ലൈന്നും ഇതിനെക്കുറിച്ച് തനിക്കറിയില്ലെന്നും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ദേവീന്ദറിനെ ചോദ്യം ചെയ്യുമെന്നും ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ഐജിപി (കശ്മീര്‍) വിജയ് കുമാര്‍ പറഞ്ഞു.
ദേവീന്ദര്‍ സിങിന്റെ പ്രവൃത്തികള്‍ ഒടുവില്‍ അയാളെ കുടുക്കിയിരിക്കുകയാണ്. ഇത്തവണ ആര്‍ക്കും അയാളെ രക്ഷിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് ഒരു മുതിര്‍ന്ന ജമ്മു കശ്മീര്‍ പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോലിസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഈ രണ്ട് 'ഭീകരരെ'അദ്ദേഹം എവിടെയാണ് കൊണ്ടുപോയത്? ജമ്മുവിലേക്കുള്ള യാത്രക്കിടെ പിടികൂടിയതിനാല്‍ അവര്‍ താഴ്‌വരയില്‍ നിന്ന് പുറപ്പെടുകയായിരുന്നു. അവര്‍ അവരുടെ പദ്ധതി എന്തായിരുന്നു, ദേവീന്ദര്‍ സിങോ അദ്ദേഹത്തിന്റെ കൂട്ടാളികളോ ഉള്‍പ്പെട്ട മിക്കവാറും എല്ലാ പ്രവര്‍ത്തനങ്ങളും സംശയാസ്പദമാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കലാപങ്ങള്‍ക്കെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചുമതലയുള്ള ആളായിരുന്നു ദേവീന്ദര്‍ എന്നും പുല്‍വാമയിലും ഡിവൈഎസ്പിആയിരുന്ന അദ്ദേഹത്തെ ചോദ്യം ചെയ്യുക വഴി നിരവധി പഴുതുകള്‍ ലഭിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലഷ്‌കറെ ത്വയിബ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സായുധ പ്രസ്ഥാനങ്ങളിലെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ക്കൊപ്പം കാറില്‍ ദല്‍ഹിയിലേക്കുള്ള യാത്ര മധ്യേ ആയിരുന്നു ദേവിന്ദര്‍ സിങ് പിടിയിലായത്. ഇതിലെ ലഷ്‌കര്‍ ത്വയിബ്ബ കമാന്‍ഡര്‍ നവീദ് ബാബു, 2017 വരെ കശ്മീര്‍ പൊലിസിലെ കോണ്‍സ്റ്റബിളായിരുന്നു. പിന്നീടാണിയാള്‍ സേന വിട്ട് ലഷ്‌കറെ ത്വയിബ്ബയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം ധീരതക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ കരസ്ഥമാക്കിയ ദേവീന്ദര്‍ സിങിനെപ്പോലെ പോിസിലെ ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനും 'ഭീകരരും' ബന്ധം ഇതാദ്യമായാണ് പുറത്തുവരുന്നത്.