ഡോക്ടറാവാന്‍ രാജ്യത്തിന്റെ കനിവ് തേടി അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ്
തനിക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മെഡിക്കല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗാലിബ് ഗുരു പറഞ്ഞു.
ശ്രീനഗര്‍: ഡോക്ടറാവുകയെന്ന് തന്റെ മാതാപിതാക്കളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യ പാസ്‌പോര്‍ട്ട് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരു. തനിക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മെഡിക്കല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗാലിബ് ഗുരു പറഞ്ഞു.
തനിക്ക് പാസ്‌പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. തനിക്ക് ആധാര്‍ കാര്‍ഡ് ഉണ്ട്. പാസ്‌പോര്‍ട്ട് ലഭിക്കുകയാണെങ്കില്‍ തനിക്ക് അന്താരാഷ്ട്ര മെഡിക്കല്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചേക്കാമെന്നും ന്യൂസ് ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാലിബ് വ്യക്തമാക്കി.
രാജ്യത്തെ ഏതെങ്കിലും മെഡിക്കല്‍ കോളജ് പഠിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇവിടെ യോഗ്യത നേടാന്‍ സാധിച്ചില്ലെങ്കില്‍ വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. തുര്‍ക്കിയിലെ ഒരു കോളജ് തനിക്ക് സ്‌കോള്‍ഷിപ്പ് നല്‍കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
18കാരനായ ഗാലിബ് മാതാവ് തപസ്സുമിനൊപ്പം കശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് താമസിക്കുന്നത്. 2001 പാര്‍ലമെന്റ് ആക്രമണത്തില്‍ ബന്ധമുണ്ടെന്നാരോപിച്ച് 2013ലാണ് അഫ്‌സല്‍ ഗുരുവിനെ ഇന്ത്യ തൂക്കിലേറ്റിയത്.