ഉത്തരാഖണ്ഡില്‍ കനത്ത മഴയും മണ്ണിടിച്ചിലും; ഹൈവേയില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി (വീഡിയോ)

Update: 2021-10-19 03:52 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയും മണ്ണിടിച്ചിലും വ്യാപകനാശം വിതച്ചു. നദികളിലെ ജലനിരപ്പ് ഉയരുകയും മണ്ണിടിഞ്ഞ് വീണ് റോഡുകള്‍ അടഞ്ഞതിനെത്തുടര്‍ന്ന് ഗതാഗതം സ്തംഭിക്കുകയും ചെയ്തിരിക്കുകയാണ്. കനത്ത മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ബദരീനാഥ് ഹൈവേയില്‍ കുടുങ്ങിയ യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി. ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. വലിയ ഹിറ്റാച്ചി ഉപയോഗിച്ച് കാര്‍ ഉയര്‍ത്തി മാറ്റാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബദരീനാഥ് ഹൈവേയിലെ ലംബഗഡ് ഡ്രെയിനില്‍ കുത്തിയൊലിച്ചിറങ്ങുന്ന മലവെള്ളത്തിന്റെയും പാറല്ലുകള്‍ക്കിടയിലുമാണ് കാര്‍ കുടുങ്ങിയത്.

യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം വാഹനം മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) അറിയിച്ചു. മണ്ണും കല്ലും അടക്കമുള്ള അവശിഷ്ടങ്ങള്‍ വീണ് ഉത്തരാഖണ്ഡിലെ ഋഷികേശ്- ബദരീനാഥ് ഹൈവേ ഗതാഗതം സ്തംഭിച്ചു. സിറോബഗഡില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഖാന്‍ഖ്ര- ഖേദഖല്‍- ഖിര്‍സു ലിങ്ക് റോഡും മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അടഞ്ഞിരിക്കുകയാണ്. ഉത്തരാഖണ്ഡ് കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് മടങ്ങുന്നതിനിടെ തുടര്‍ച്ചയായ മഴയില്‍ ജംഗിള്‍ ചാറ്റിയില്‍ കുടുങ്ങിയ 22 ഓളം ഭക്തരെ എസ്ഡിആര്‍എഫും പോലിസും രക്ഷപ്പെടുത്തി. അവരെ ഗൗരി കുണ്ടിലേക്ക് മാറ്റി.

നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന 55 വയസ്സുള്ള ഒരു ഭക്തനെ സ്‌ട്രെച്ചറിലാണ് മാറ്റിയത്. ഉത്തരാഖണ്ഡ് ചമോലി മേഖലയില്‍ തുടര്‍ച്ചയായ മഴയില്‍ നന്ദാകിനി നദി കരകവിഞ്ഞൊഴുകുകയാണ്.

കഴിഞ്ഞ നാല് ദിവസമായി പ്രദേശത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. ഉത്തരാഖണ്ഡില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി പുറത്തിറക്കിയ പ്രതിദിന കാലാവസ്ഥാ ബുള്ളറ്റിനില്‍ പറഞ്ഞു.

മുന്‍കരുതലെന്ന നിലയില്‍ ബദരീനാഥ് യാത്ര നിര്‍ത്തിവയ്ക്കുകയും ബദരീനാഥിലേക്കുള്ള യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളില്‍ തടയുകയും ചെയ്തിട്ടുണ്ട്. ഇതുവരെ നാല് മരണങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പൗരഗര്‍വാള്‍ ജില്ലയില്‍ കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണാണ് 4 പേര്‍ മരിച്ചത്. 2 പേര്‍ക്ക് പരിക്കേറ്റു. മഴ കനത്തതോടെ ബദ്‌രീനാഥ് ഹൈവേ അടച്ചു. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് എന്‍ഡിആര്‍എഫ്, പോലിസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞ് വീണതിനാല്‍ ഗംഗോത്രി, യമുനോത്രി നാഷനല്‍ ഹൈവേകള്‍ അടച്ചു.

Tags:    

Similar News