ചെന്നൈയില്‍ കഴിഞ്ഞ ദിവസം മുതല്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈ നഗരത്തിലെ മിക്കവാറും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ശനിയാഴ്ച മുതല്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ഇന്ന് രാവിലെ വരെ ശരാശരി 20 സെന്റീമീറ്റര്‍ മഴയാണ് ചെന്നൈയില്‍ ലഭിച്ചത്.
മഴമൂലം സംസ്ഥാനത്തെ പത്തോളം ജില്ലകളില്‍ കെടുതികളുണ്ടായിട്ടുണ്ട്. ചെന്നൈ അടക്കം നാല് ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്. ഈ ജില്ലകളില്‍ സ്‌കൂളുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചുപൂട്ടി.
സ്ഥിതിഗതി രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയെ നേരില്‍ സംസാരിച്ചു. സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ദുരന്ത നിരവാരണ സേനയുടെ ഏതാനും ടീമുകള്‍ ചെങ്കല്‍പേട്ടയിലും കാഞ്ചീപുരത്തും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്.
ശനിയാഴ്ച തുടങ്ങിയ മഴ ഞായറാഴ്ചയിലേക്ക് നീണ്ടതോടെ നഗരം വെള്ളത്തിലായി. ടി നഗര്‍, വ്യാസര്‍പാടി, അഡയാര്‍, വളാഞ്ചേരി, റോയാപേട്ട, മൈലാപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളാണ് ആദ്യം മുങ്ങിയത്. ജവഹര്‍ നഗര്‍, മാധവരം, തോണ്ടിയാര്‍പേട്ട് ഹൈ റോഡ്, ട്രങ്ക് റോഡ് എന്നിവടങ്ങളിലും വെള്ളം പൊങ്ങി.
സര്‍ക്കാര്‍ കണക്കുപ്രകാരം പുഴല്‍ റിസര്‍വോയറില്‍ നിന്ന് രാവിലെ പതിനൊന്നോടെ സെക്കന്‍ഡില്‍ 500 ക്യുപിക് അടി വെള്ളം പുറത്തുവിട്ടു. പ്രദേശത്ത് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെമ്പ്രംബാക്കം റിസര്‍വോയറില്‍ നിന്ന് ഒന്നരയോടെ വെള്ളം ഒഴിക്കിത്തുടങ്ങി. റിസര്‍വോയര്‍ ഏതാണ്ട് നിറയാന്‍ തുടങ്ങിയിട്ടുണ്ട്.
രാവലിലെ 8.30ന് നഗരത്തിലെ രണ്ടിടങ്ങളില്‍ നിന്ന് എടുത്ത കണക്കില്‍ 21.58 സെന്റീമീറ്ററും 11.3 സെന്റീമീറ്ററും മഴ ലഭിച്ചു.
2015നു ശേഷം ലഭിച്ച ഏറ്റവും ഉയര്‍ന്ന മഴയാണ് ഇത്. 2015 നവംബര്‍ 15, 16 തിയ്യതികളില്‍ 24.6 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. 2005ല്‍ അത് 14.5 സെന്റീമീറ്ററായിരുന്നു. 1976 ല്‍ 24 മണിക്കൂറുകൊണ്ട് 45.2 സെന്റീമീറ്റര്‍ മഴ ലഭിച്ചതാണ് ഇക്കാര്യത്തില്‍ റെക്കോര്‍ഡ്. 1985ലും കനത്ത മഴ ലഭിച്ചു. ആ വര്‍ഷം നവംബര്‍ 12നും നവംബര്‍ 13നും 25 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. 2005ല്‍ 14.2 സെന്റീമീറ്ററും ലഭിച്ചു.
വടക്കുകിഴക്കന്‍ കാലവര്‍ഷമാണ് സാധാരണ ചെന്നൈയില്‍ മഴ കൊണ്ടുവരുന്നത്. ഒക്ടോബര്‍ 10-20 ദിവസങ്ങളില്‍ സാധാരണ മഴ തുടങ്ങും. വടക്ക് കിഴക്ക് മണ്‍സൂണ്‍ സംസ്ഥാനത്തിന് ആവശ്യമായ വെള്ളം നല്‍കാന്‍ പര്യാപ്തമാണ്. എന്നാല്‍ കേരളം പോലുള്ള മറ്റ് തെക്കന്‍ സംസ്ഥാനങ്ങള്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനെയാണ് ആശ്രയിക്കുന്നത്. അത് സാധാരണ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ പെയ്തു തീരും. നീണ്ട ഒരു വേനലിനുശേഷം തമിഴ്‌നാട്ടില്‍ വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നത് വടക്ക് കിഴക്കന്‍ മണ്‍സൂണാണ്.
സാധാരണ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളില്‍ 60 ശതമാനം മഴയും ഈ മണ്‍സൂണ്‍ കാലത്താണ് ലഭിക്കുക. മറ്റ് ജില്ലകളില്‍ 40-50 ശതമാനം മഴയും ഇതുവഴി ലഭിക്കും.
എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. തമിഴ്‌നാടിനോട് ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഇത്തവണ മഴ കൊണ്ടുവന്നത്. അത് അടുത്ത ദിവസവും തുടരും.
ബംഗാള്‍ ഉള്‍ക്കടലില്‍ സുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ ഉയരത്തിലാണ് ഇത്തവണ ചുഴലി രൂപം കൊള്ളുക. ഇത് ബംഗാള്‍ ഉള്‍ക്കടലില്‍ മര്‍ദ്ദവ്യത്യാസത്തിന് കാരണമാവുകയും നവംബര്‍ ഒമ്പതോടെ കരയിലേക്ക് വീശിയടിക്കുകയും ചെയ്യും. 40-50 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിക്കുക. നവംബര്‍ 11, 12 തിയ്യതികളില്‍ ആന്ധ്രയെയും തമിഴ്‌നാടിന്റെ തീരങ്ങളെയും അത് ബാധിക്കും.
നവംബര്‍ 10ന് വലിയ ഇടിയോടുകൂടിയ മഴയായിരിക്കും പെയ്യുക. ചെന്നൈ, തിരുവള്ളുവര്‍, കാഞ്ചിപുരം, ചെങ്കല്‍പേട്ട്, വല്ലിപുറം, ഗൂഢല്ലൂര്‍, നാഗപ്പട്ടിണം, തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ടൈ പ്രദേശങ്ങളിലും ഇത് ലഭിക്കും.