'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം'; സുപ്രിംകോടതി വിളിച്ചുവരുത്തിയതിന് പിന്നാലെ മാപ്പു പറഞ്ഞ് പതഞ്ജലി എംഡി

Update: 2024-03-21 08:49 GMT

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവാചകം നല്‍കിയതിന് യോഗ ഗുരു ബാബാ രാംദേവിനോട് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ സുപ്രിംകോടതിയില്‍ മാപ്പുപറഞ്ഞ് പതഞ്ജലി എംഡി. പതഞ്ജലിയുടെ മാനേജിങ് ഡയറക്ടറും ബാബാ രാംദേവിന്റെ അടുത്ത സഹായിയുമായ ആചാര്യ ബാലകൃഷ്ണയാണ് സുപ്രിംകോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞത്. ബാബാ രാംദേവിനെയും ബാലകൃഷ്ണയെയും വിളിച്ചുവരുത്തിയ സുപ്രിം കോടതി ഉത്തരവിന് മറുപടിയായാണ് സത്യവാങ്മൂലം നല്‍കിയത്. മോഡേണ്‍ മെഡിസിനെതിരായ അപകീര്‍ത്തികരമായ പരസ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പറഞ്ഞ കമ്പനി ഉടമ്പടി ലംഘിച്ചതായി ജസ്റ്റിസ് ഹിമ കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ രണ്ടിന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഇരുവരോടും നിര്‍ദ്ദേശിച്ചിരുന്നു. രോഗങ്ങള്‍ ഭേദമാക്കുന്നതിനും ആധുനിക വൈദ്യശാസ്ത്രത്തെ മോശമായി ചിത്രീകരിക്കുന്നതിനും 'തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ' അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് പതഞ്ജലിയെ തടയണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

    പരസ്യങ്ങള്‍ 'അശ്രദ്ധമായി' നല്‍കിയതാണെന്നും കുറ്റകരമായ വാക്യങ്ങള്‍ അടങ്ങിയ പരസ്യത്തില്‍ ഖേദിക്കുന്നുവെന്നുമാണ് ആറ് പേജുള്ള ഹ്രസ്വ സത്യവാങ്മൂലത്തില്‍ ബാലകൃഷ്ണ വ്യക്തമാക്കിയത്. പരസ്യങ്ങള്‍ പുറത്തിറക്കാന്‍ ഉത്തരവാദികളായ പബ്ലിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് കോടതി ഉത്തരവിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

Tags:    

Similar News