പായിപ്പാട്: ഒന്നോ അതിലധികമോ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പായിപ്പാട് അതിഥിത്തൊഴിലാളികളെ ഇളക്കിവിടാനാണ് ശ്രമമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനു പിന്നില്‍ ഒന്നോ അതിലധികമോ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നത്. അത് കണ്ടെത്തണമെന്ന് പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചുകാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമവും അതില്‍ കാണാം.
അതിഥി തൊഴിലാളികള്‍ക്കുവേണ്ടി സംസ്ഥാനത്ത് 5178 ക്യാംപുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ഭക്ഷണം, ആരോഗ്യസുരക്ഷ എന്നിവ ഉറപ്പാക്കാന്‍ നടപടികള്‍ എടുത്തിട്ടുമുണ്ട്. ഒരിടത്തും ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥയില്ല. അവര്‍ക്ക് അവരുടേതായ ഭക്ഷണം വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അത് സാധിച്ചുകൊടുക്കാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു. അവരുടെ നാടുകളിലേക്കുള്ള യാത്ര ഇപ്പോള്‍ നടക്കാത്തതാണ്. ഇപ്പോള്‍ എവിടെയാണോ അവിടെ നില്‍ക്കുക എന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അത് അവര്‍ക്കും അറിയാം. എന്നാല്‍, അതെല്ലാം മാറ്റിവച്ചുകൊണ്ടുള്ള ഒരു കൂടിച്ചേരലാണ് പായിപ്പാട് ഉണ്ടായത്. അതിനുപിന്നില്‍ ആസൂത്രിതമായ ഒരു പദ്ധതി ഉണ്ടായിരുന്നു എന്ന് ഇന്നലെ തന്നെ വ്യക്തമാക്കിയതാണ്.
പായിപ്പാട്ട് അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നത് ഒരു കച്ചവടമാണ്. സാധാരണനിലയില്‍ താമസിപ്പിക്കാന്‍ പാടില്ലാത്ത സ്ഥലത്തും വാടക വാങ്ങി താമസിപ്പിക്കുന്നു. അതൊരു ബിസിനസ്സാണ്. സാധാരണ നിലയ്ക്ക് ഭക്ഷണവും മറ്റും ഉറപ്പുവരുത്തേണ്ടത് അവരുടെ കരാറുകാരാണ്. എന്നാല്‍ ഇവിടെ അതുമായി ബന്ധപ്പെട്ടും പൊതുവെ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സര്‍ക്കാര്‍ ഇതില്‍ സ്വീകരിച്ച നില ഇവര്‍ക്കെല്ലാവര്‍ക്കും മാന്യമായ താമസസ്ഥലം ഒരുക്കണമെന്നാണ്. പകല്‍ മുഴുവന്‍ കഠിനമായി അധ്വാനിച്ച് രാത്രി വന്ന് ഉറങ്ങാനുള്ള സ്ഥലമെന്ന നിലയ്ക്കാണ് നേരത്തേ അവര്‍ താമസസ്ഥലം കണ്ടിട്ടുള്ളത്. എന്നാല്‍ ജോലി മുടങ്ങിയ സാഹചര്യത്തില്‍ മറ്റ് എല്ലാവരേയും പോലെ തന്നെ മുഴുവന്‍ സമയവും താമസസ്ഥലത്ത് ചെലവഴിക്കാന്‍ അതിഥിത്തൊഴിലാളികളും നിര്‍ബന്ധിക്കപ്പെടുകയാണ്. അപ്പോള്‍ അതിനുള്ള സൗകര്യം വേണം. അതുകൊണ്ടുതന്നെ സൗകര്യപ്രദമായ രീതിയില്‍ ഈ തൊഴിലാളികളെ താമസിപ്പിക്കണം എന്നാണ് സര്‍ക്കാര്‍ നേരത്തേ തന്നെ നല്‍കിയ നിര്‍ദേശം. അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. അതോടൊപ്പം ഭക്ഷണം കൃത്യമായി നല്‍കണം. വൈദ്യസഹായം ഉറപ്പുവരുത്തണം. ഭക്ഷണകാര്യത്തില്‍, അവര്‍ക്കാവശ്യമായ ആട്ടയും ഉരുളക്കിഴങ്ങും ഉള്ളിയും പരിപ്പുമെല്ലാം നല്‍കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ചില ക്യാംപില്‍ അതിഥിതൊഴിലാളികളുടെ എണ്ണം കൂടുതലാണ് എന്ന പ്രശ്‌നമുണ്ട്. ആ തരത്തിലുള്ള ക്യാംപുകളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. ടിവി ഉള്‍പ്പെടെ എന്റര്‍ടെയിന്‍മെന്റെ സൗകര്യവുമൊരുക്കും. അവര്‍ നേരിടുന്ന ചില പ്രശ്‌നങ്ങള്‍ അവരെ ബോധ്യപ്പെടുത്തി സഹകരിപ്പിക്കും. അതിഥി തൊഴിലാളി ക്യാംപുകളില്‍ ജില്ലാ പോലിസ് മേധാവി, ജില്ലാ ലേബര്‍ ഓഫിസര്‍ അടക്കമുള്ളവര്‍ പരിശോധന നടത്തും.
പായിപ്പാട് സംഭവത്തില്‍ ഇന്ന് ഒരു അറസ്റ്റുണ്ടായിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനുള്ള വ്യാജ പ്രചാരണം നടത്തിയ രണ്ടുപേരെ മലപ്പുറം ജില്ലയില്‍ പിടികൂടിയിട്ടുണ്ട്. ഇവര്‍ മലയാളികള്‍ തന്നെയാണ്. അങ്ങനെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കും. ക്യാംപുകള്‍ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയുന്ന ഹോംഗാര്‍ഡുകളുടെ സേവനവും ഉപയോഗിക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാരും പോലിസും കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ചും അവരുടെ സഹകരണം അഭ്യര്‍ഥിച്ചും ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളില്‍ നല്‍കുന്ന സന്ദേശം അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കും. സാഹചര്യം വിലയിരുത്തി കൈക്കൊളേളണ്ട പരിശോധനാ രീതികള്‍ സംബന്ധിച്ച് എല്ലാ പോലിസ് ഉദ്യോഗസ്ഥര്‍ക്കും ദിവസേന എസ്എംഎസ് വഴി നിര്‍ദേശം നല്‍കും. അതിഥി തൊഴിലാളികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവ അറിയിക്കാന്‍ സംസ്ഥാനതലത്തില്‍ ഒരു കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിലും ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.