കേന്ദ്രത്തിന് തലവേദനയുണ്ടാക്കുന്ന പേരുകള്‍ വരാനിരിക്കുന്നതേയുളളൂവെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജെ ഗോപീകൃഷ്ണന്‍

Update: 2021-07-19 18:26 GMT
തിരുവനന്തപുരം: ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയവരില്‍

കേന്ദ്രത്തിന് തലവേദനയുണ്ടാക്കുന്ന പേരുകള്‍ വരാനിരിക്കുന്നതേയുളളൂവെന്ന് മലയാളി മാധ്യമപ്രവര്‍ത്തകന്‍ ജെ ഗോപീകൃഷ്ണന്‍. സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ദ പയനിയര്‍ ലേഖകനായ ജെ ഗോപീകൃഷ്ണന്റെ പരാമര്‍ശം. 2 ജി കേസ് ഉള്‍പ്പെടെയുള്ള വന്‍ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന ജെ ഗോപീകൃഷ്ണന്റെ ഫോണും ചോര്‍ത്തിയതിലുള്ളതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്ര മന്ത്രിമാര്‍ മുതല്‍ ആര്‍എസ്എസിന്റെ ഉന്നത നേതാക്കളുടെ രേഖകള്‍ ചോര്‍ത്തപ്പെട്ടു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങള്‍ അടുത്തദിവസങ്ങളില്‍ പുറത്തുവരും. സുപ്രിം കോടതി ജഡ്ജിമാര്‍, സിബിഐ, ഇഡി ഉദ്യോഗസ്ഥര്‍, ഇപ്പോള്‍ ഭരണഘടനാപദവിയിലിരിക്കുന്ന ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ എന്നിങ്ങനെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പട്ടികയിലെ കൂടുതല്‍ പേരുടെ പേരുകള്‍ പുറത്തുവരും. സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്ന പേരുകളാണിവയൊക്കെ. അങ്ങനെ വരുമ്പോള്‍ വരും ദിവസങ്ങളില്‍ പാര്‍ലമെന്റിലും പുറത്തുമായി കേന്ദ്ര സര്‍ക്കാരിന് വിശദീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

    ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍ചോര്‍ത്തല്‍ റിപോര്‍ട്ടിനെക്കുറിച്ച് തനിക്ക് മാസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് ലഭിച്ചിരുന്നു. രണ്ടുമാസം മുമ്പ് അമേരിക്കയില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ഒരു പട്ടിക പുറത്തുവരുന്നുണ്ടെന്നും അതില്‍ നിങ്ങളുടെ പേരുണ്ടെന്നും അറിയിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്നെല്ലാം അന്വേഷിച്ചിരുന്നു. 2009ല്‍ ഡല്‍ഹിയില്‍ വന്നതുമുതല്‍ എന്റെ ഫോണും നമ്പറുകളും പലരീതിയില്‍ ചോര്‍ത്തപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും അത്ര കാര്യമായി എടുത്തിരുന്നില്ല. പക്ഷേ, മൂന്നുദിവസം മുമ്പ് ദ വയറിന്റെ ഭാഗത്തുനിന്നും വാഷിങ്ടണ്‍ പോസ്റ്റിന്റെ ഭാഗത്തുനിന്നും എന്നോട് ഈ വിഷയത്തില്‍ അഭിപ്രായം തേടുകയും എന്റെ അഭിപ്രായം അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്. അതേസമയം തന്റെ ഫോണ്‍ പെഗാസസ് വഴി ചോര്‍ത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് കൂടുതല്‍ ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷമേ അറിയാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News