ഇന്ത്യയിലെ ഉന്നതരുടെ ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട്: സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ശശി തരൂര്‍

Update: 2021-07-19 04:20 GMT

ന്യൂഡല്‍ഹി: ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യയിലെ ഉന്നതരുടെ ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിയും ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂര്‍.

പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സമ്മതിച്ചിട്ടില്ല. എന്നാല്‍ പെഗാസസ് നിര്‍മ്മാതാക്കളായ എന്‍.എസ്.ഒ. അംഗീകൃത സര്‍ക്കാരുകള്‍ക്ക് മാത്രമേ തങ്ങള്‍ സോഫ്റ്റ് വെയര്‍ വില്‍ക്കാറുള്ളുവെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാരാണോ അതോ ഏതെങ്കിലും വിദേശ സര്‍ക്കാരുകളാണോ ഇന്ത്യയില്‍ ഈ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയതെന്നാണ് പ്രധാന ചോദ്യമെന്നും ശശി തരൂര്‍ പറഞ്ഞു.

2019ല്‍ ഇന്ത്യയിലെ ചില ഉന്നതരുടെ വിവരങ്ങള്‍ പെഗാസസ് ചോര്‍ത്തുന്നുവെന്ന് ടൊറന്റോയിലെ സിറ്റിസണ്‍ ലാബ് അറിയിച്ചതിന് പിന്നാലെ ബന്ധപ്പെട്ടവരെ അന്വേഷണത്തിനായി വിളിപ്പിച്ചിരുന്നുവെന്ന് ശശി തരൂര്‍ പറയുന്നു. ഫോണ്‍ ചോര്‍ത്തലിന് ഇരയാക്കപ്പെട്ടവരുടെ പ്രതിനിധികളെയും ഐ.ടി., ആഭ്യന്തര മന്ത്രാലയം എന്നിവരെയും ഐ.ടി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിപ്പിച്ചിരുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു.

രാജ്യ സുരക്ഷയ്ക്ക് വേണ്ടി പോലും ഇത്തരത്തിലൊരു മാല്‍വെയര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിക്കാന്‍ ആരും തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ അന്ന് അക്കാര്യങ്ങള്‍ എവിടെയും എത്താതെ അവസാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടേയും ചില വ്യവസായികളുടേയും ചോര്‍ത്തിയതായാണ് പുറത്തു വരുന്ന വിവരം. ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്‌വേര്‍ഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

Tags:    

Similar News