ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കുവാനുളള പെപ്‌സികോയുടെ ഉരുളക്കിഴങ്ങ് പേറ്റന്റ് റദ്ദാക്കി

ഈയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഒമ്പത് കര്‍ഷകരെ പ്രതി ചേര്‍ത്ത് പെപ്‌സികോ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കര്‍ഷകരില്‍ നിന്ന് നാലു കോടി നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു

Update: 2021-12-04 08:06 GMT

അഹമ്മദാബാദ്: ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേകയിനം ഉരുളക്കിഴങ്ങുകളുടെ പേറ്റന്റ് പെപ്‌സികോയ്ക്ക് നല്‍കിയ നടപടി പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിറ്റി റദ്ദാക്കി. കര്‍ഷകരുടെ രണ്ട് വര്‍ഷം നീണ്ട പ്രക്ഷോഭങ്ങള്‍ക്ക് ഒടുവിലാണ് അതോറിറ്റിയുടെ നടപടി.

എഫ്എല്‍ 2027 എന്നയിനത്തില്‍പ്പെട്ട പ്രത്യേക തരം ഉരുളക്കിഴങ്ങിന്റെ പേറ്റന്റാണ് പെപ്‌സികോ അവകാശപ്പെടുന്നത്. ഇവ ഉണ്ടാക്കിയ ഗുജറാത്തിലെ ഒമ്പത് കര്‍ഷകരെ പ്രതി ചേര്‍ത്ത് പെപ്‌സികോ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് കര്‍ഷകര്‍ 4.02 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം.

കമ്പനി നടപടിക്കെതിരെ കര്‍ഷക സംഘടനകളും സന്നദ്ധ സംഘങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരാതിക്ക് പിന്നാലെ ഈയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വില്പന നടത്തുന്നതും അഹമ്മദാബാദിലെ പ്രത്യേക കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു.

എഫ്എല്‍ 2027 ഉരുളക്കിഴങ്ങിന്റെ ഉടമസ്ഥര്‍ തങ്ങളാണെന്നും നിയമത്തിന് കീഴില്‍ അത് രജിസ്റ്റര്‍ ചെയ്ത ഇനമാണെന്നും പെപ്‌സികോ അതോറിറ്റിക്ക് മുമ്പില്‍ വാദിച്ചു. എന്നാല്‍ ഇതിന്റെ ഡോക്യുമെന്റേഷനെയാണ് അതോറിറ്റി ചോദ്യം ചെയ്തത്. ഇത് പൊതുതാല്പര്യത്തിന് വിരുദ്ധമാണ്, കര്‍ഷകര്‍ ഇതു കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടുന്നു എന്ന് ഈ വിഷയത്തില്‍ കര്‍ഷകര്‍ക്കു വേണ്ടി നിയമപോരാട്ടം നടത്തിയ അലയന്‍സ് ഫോര്‍ സസ്റ്റയ്‌നബ്ള്‍ ആന്റ് ഹോളിസ്റ്റിക് അഗ്രികള്‍ച്ചര്‍ കണ്‍വീനര്‍ കവിത കുരുഗന്തി വാദിച്ചു. ഇത് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കെവി പ്രഭു അംഗീകരിക്കുകയായിരുന്നു

'അതോറിറ്റി ഉത്തരവ് ഇന്ത്യയിലെ കര്‍ഷകരുടെ ചരിത്ര വിജയമാണ്. കര്‍ഷക സ്വാതന്ത്ര്യത്തെ ഹനിച്ച് ഏതെങ്കിലും വിത്തോ ഭക്ഷണമോ മറ്റുള്ളവര്‍ക്ക് കൈമാറുന്നതിന് ഇത് തടയിടും' എന്ന് കവിത കുരുഗന്തി പറഞ്ഞു.

2009ലാണ് എഫ്എല്‍ 2027 ഇനം ഉരുളക്കിഴങ്ങുകള്‍ രാജ്യത്ത് കൃഷി ചെയ്യാന്‍ ആരംഭിച്ചത്. 12000 കര്‍ഷകരാണ് ഇത് കൃഷി ചെയ്യുന്നതും. ഇവയുടെ വിത്തുകള്‍ വിതരണം ചെയ്യുന്നതും വിള വാങ്ങുന്നതും പെപ്‌സികോ മാത്രമാണ്. 2016ലാണ് പിപിവി ആന്‍ഡ് എഫ്ആര്‍ ആക്ട് 2001 പ്രകാരം പെപ്‌സോകോ ഈയിനം രജിസ്റ്റര്‍ ചെയ്ത് പേറ്റന്റ് നേടിയെടുത്തത്.

Tags:    

Similar News