പെരിയ ഇരട്ടക്കൊല: സിപിഎം നേതാക്കള്‍ക്ക് ക്രൈം ബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ്
തന്നെ മര്‍ദിച്ചതിലുള്ള വിരോധം മൂലം, പീതാംബരന്‍ തനിക്ക് ബന്ധമുള്ള സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് കൊലപാതകം നടത്തിയെന്നാണ് കണ്ടെത്തല്‍. കെ വി കുഞ്ഞിരാമനും വി പി പി മുസ്തഫയ്ക്കും എതിരായ ആരോപണങ്ങളില്‍ തെളിവില്ല.
കൊച്ചി: പ്രമാദമായ പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം ജില്ലാ നേതാക്കള്‍ക്ക് ക്രൈം ബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനും ജില്ലാകമ്മിറ്റിയംഗം വി പി പി മുസ്തഫയ്ക്കും ക്ലീന്‍ ചിറ്റ് നല്‍കി ഹൈക്കോടതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണ ചുമതലയുള്ള മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് കുമാറാണ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.
കേസിലെ മുഖ്യപ്രതി പീതാംബരന്റെ വ്യക്തിവിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. തന്നെ മര്‍ദിച്ചതിലുള്ള വിരോധം മൂലം, പീതാംബരന്‍ തനിക്ക് ബന്ധമുള്ള സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് കൊലപാതകം നടത്തിയെന്നാണ് കണ്ടെത്തല്‍. കെ വി കുഞ്ഞിരാമനും വി പി പി മുസ്തഫയ്ക്കും എതിരായ ആരോപണങ്ങളില്‍ തെളിവില്ല. കേസിലെ പ്രതിയായ സജി ജോര്‍ജ് കീഴടങ്ങുന്ന സമയം മുന്‍ എം എല്‍ എ കുഞ്ഞിരാമന്‍ സഹായിച്ചെന്ന ആരോപണവും തെറ്റാണ്. ഇരട്ടക്കൊലയ്ക്കു ദിവസങ്ങള്‍ക്കു മുമ്പ് കല്ല്യോട്ട് ഒരു പൊതുയോഗത്തില്‍ വി പി പി മുസ്തഫ നടത്തിയ ഒരു പ്രസംഗം വിവാദമായിരുന്നു. ഇദ്ദേഹത്തിന്റെ കൊലവിളി പ്രസംഗമാണ് കൊലപാതകത്തിലേക്കു പ്രേരിപ്പിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, പ്രസംഗത്തെ ഭീഷണിയായി കണക്കാക്കേണ്ടെന്നും രാഷ്ട്രീയപ്രസംഗം മാത്രമാണെന്നും ക്രൈം ബ്രാഞ്ച് റിപോര്‍ട്ടില്‍ വ്യക്തമാക്കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും മുഴുവന്‍ പ്രതികളെയും പിടികൂടിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. 2019 ഫെബ്രുവരി 18നു രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്.