പെരിയ ഇരട്ടക്കൊല: ഒരാള്‍ കൂടി കസ്റ്റഡിയില്‍

കേസില്‍ ആരോപണം നേരിടുന്ന ശാസ്ത ഗംഗാധരന്റെ ഡ്രൈവറാണ് കസ്റ്റഡിയിലായ മുരളി. ഇയാളാണ് പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Update: 2019-03-13 13:09 GMT

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി കസ്റ്റഡിയില്‍. കോസര്‍കോട് എച്ചിലടുക്കം സ്വദേശി മുരളിയെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടുപേരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസില്‍ ആരോപണം നേരിടുന്ന ശാസ്ത ഗംഗാധരന്റെ ഡ്രൈവറാണ് കസ്റ്റഡിയിലായ മുരളി. ഇയാളാണ് പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മുന്‍പ് ശാസ്താ ഗംഗാധരന്റെ മകന്‍ ഗിജിനെ പോലിസ് പ്രതിചേര്‍ത്തിരുന്നു.

കേസിലെ ഏഴാം പ്രതിയായ ഗിജിന്‍ കൊല നടത്തിയ ശേഷം പ്രതികളെ വാഹനത്തില്‍ കയറ്റി രക്ഷപെടുത്തുകയായിരുന്നുവെന്നാണ് പോലിസിന്റെ നിഗമനം.

കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ ഇതുവരെ ഏഴുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ എം പീതാംബരാനാണ് കേസിലെ ഒന്നാം പ്രതി. ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെരിയ ഇരട്ടക്കൊലപാതകം സംബന്ധിച്ച കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലാകുന്നത്.

Tags:    

Similar News