പെരിയ ഇരട്ടക്കൊല: കേസ് ഫയല്‍ സിബിഐക്ക് കൈമാറി

ഇതേത്തുടര്‍ന്ന് 14 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ സിബിഐ എറണാകുളം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

Update: 2019-10-24 14:37 GMT

കാസര്‍കോട്: പെരിയ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവുണ്ടായിട്ടും കേസ് സിബിഐയ്ക്കു കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതിനെതിരേ ഹൈക്കോടതി കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് കേസ് ഫയല്‍ പോലിസ് സിബിഐയ്ക്കു കൈമാറിയത്. ഇതേത്തുടര്‍ന്ന് 14 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ സിബിഐ എറണാകുളം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിബിഐ യൂനിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കേസന്വേഷിക്കുന്നത്. പോലിസിന്റെ പ്രത്യേക സംഘം സമര്‍പ്പിച്ച കുറ്റപത്രം തള്ളിയാണ് ഹൈക്കോടതി കേസ് സിബിഐയ്ക്കു മാറിയത്. സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടും കേസ് കൈമാറാത്തതിനെതിരേ രൂക്ഷമായാണ് വിമര്‍ശിച്ചിരുന്നത്. കോടതി ഉത്തരവുകള്‍ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനും കേരളാ പോലിസിനുമുണ്ടെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചിരുന്നു. കേസില്‍ നേതാക്കളുടെ ഗൂഢാലോചന അന്വേഷിച്ചില്ലെന്നു കാണിച്ചും അന്വേഷണം സിബിഐയ്ക്കു കൈമാറുന്നത് വൈകിപ്പിക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്നും കാണിച്ച് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഹൈക്കോടതി വിമര്‍ശനം.



Tags:    

Similar News