കാസര്‍കോഡ് പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍

Update: 2019-10-26 10:03 GMT

കൊച്ചി: കാസര്‍കോഡ് പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ച് മുമ്പാകെ അപ്പീല്‍ നല്‍കി.

സെപ്റ്റംബര്‍ മുപ്പതിനാണ് പെരിയ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സിബിഐക്കു വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുന്നു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

കേസ് അന്വേഷണത്തില്‍ അപാകതകളുണ്ട്. സാക്ഷികളെക്കാള്‍ പ്രതികള്‍ പറഞ്ഞ കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് വിശ്വസിച്ചത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരെ പ്രതി ചേര്‍ത്തിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. സിബിഐക്ക് കേസ് കൈമാറിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ സർക്കാരിനെതിരേ രൂക്ഷമായ വിമർശനമാണ് കോടതി ഉയർത്തിയിരുന്നത്. 

Tags:    

Similar News