പെരിയ കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി: രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2024-12-28 07:29 GMT

കൊച്ചി: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് പെരിയ കേസിലെ വിധിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായി വിജയന്റെ രാഷ്ട്രീയമാണ് ഇന്ന് ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും കോടതി കുറ്റവിമുക്തരാക്കിയവര്‍ക്കെതിരേ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പെരിയ ഇരട്ടക്കൊലപാതകത്തില്‍ 14 പ്രതികളെ കുറ്റക്കാരാക്കിയ കോടതി വിധിക്കു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'' ആദ്യം കേസില്‍ തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞവരാണ് സിപിഎമ്മുകാര്‍. ഇപ്പോള്‍ കേസില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അടക്കം നിരവധിയാളുകള്‍ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഇനിയെങ്കിലും കേസിന്റെ ബാധ്യത സിപിഎം എന്ന കൊലയാളിസംഘടന ഏറ്റെടുക്കേണ്ടതുണ്ട്.

സംസ്ഥാനസര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം നമ്മള്‍ കണ്ടതാണ്. എന്നാല്‍ മക്കള്‍ നഷ്ടപ്പെട്ട ആ അമ്മമാരുടെയും പിതാക്കന്മാരുടെയും സഹോദരിമാരുടെയും കണ്ണീരിന് മുകളിലല്ല സര്‍ക്കാര്‍ കോടികള്‍ മുടക്കി എത്തിച്ച അഭിഭാഷകരുടെ നിയമപാണ്ഡിത്യം. സര്‍ക്കാര്‍ അന്ന് പല നാറിയ കളികളും കളിച്ചു. കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ശ്രീധരന്‍ വക്കീല്‍ ഒറ്റുകാരനായി. അദ്ദേഹം ഇനി കഴിക്കുന്ന ഓരോ വറ്റ് ചോറിനകത്തും ശരത്തിന്റെയും കൃപേഷിന്റെയും ചിതറിതെറിച്ച മാംസത്തിന്റെ ഗന്ധമുണ്ടായിരിക്കുമെന്ന് മനസിലാക്കുന്നതും നന്നായിരിക്കും' രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

കേസില്‍ നിയമപോരാട്ടം തുടരുമെന്നും അതിനു വേണ്ടി കൂടെ നില്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം സാധാരണക്കാരായ ആളുകള്‍ ഉണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിചേര്‍ത്തു.

Tags:    

Similar News