ഒമാനില്‍ തറാവീഹ് നമസ്‌കാരത്തിന് അനുമതി

Update: 2022-03-29 06:17 GMT

മസ്‌കത്ത്: രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഒമാനില്‍ റമദാനിലെ പ്രത്യേക പ്രാര്‍ഥനയായ തറാവീഹ് നമസ്‌കാരത്തിന് അധികൃതര്‍ അനുവാദം നല്‍കി. മത, എന്‍ഡോവ്‌മെന്റ് കാര്യ മന്ത്രി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സല്‍മിയാണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി റമദാനില്‍ തറാവീഹ് നമസ്‌കാരം മസ്ജിദുകളില്‍ നിര്‍വഹിക്കാന്‍ അധികൃതര്‍ അനുവാദം നല്‍കിയിരുന്നില്ല. കൊവിഡിന്റെ തുടക്കത്തില്‍ വന്ന റമദാനില്‍ പൂര്‍ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ പുറത്തിറങ്ങാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ റമദാനില്‍ രാത്രികാല ലോക്ക് ഡൗണും നിലവിലുണ്ടായിരുന്നു. അതിനാല്‍, കഴിഞ്ഞ രണ്ടുവര്‍ഷമായി പള്ളികളില്‍ മുടങ്ങിപ്പോയ തറാവീഹ് നമസ്‌കാരം പുനരാംഭിക്കുമെന്ന ആഗ്രഹത്തിലായിരുന്നു വിശ്വാസികള്‍.

അതേസമയം, സമൂഹ ഇഫ്താറുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. റമദാനില്‍ കൊവിഡ് കാലം വരെ എല്ലാ മസ്ജിദുകളിലും ഇഫ്താറുകളുണ്ടായിരുന്നു. ഇത് ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും വലിയ അനുഗ്രമായിരുന്നു. കുറഞ്ഞ വരുമാനക്കാര്‍ക്ക് പൊതുവെ ചെലവ് കുറഞ്ഞ മാസമായിരുന്നു റമദാന്‍.

Tags:    

Similar News