പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാന്‍ അനുമതി; പുതിയ ഉത്തരവിറക്കി കേന്ദ്രം

വിദേശകാര്യ, ആരോഗ്യമന്ത്രാലയങ്ങളുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു ഉത്തരവില്‍ പറയുന്നു. പ്രവാസ ലോകത്ത് നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ നടപടി.

Update: 2020-04-25 13:35 GMT

ദുബയ്: പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള വിലക്ക് നീക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. വിദേശകാര്യ, ആരോഗ്യമന്ത്രാലയങ്ങളുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു ഉത്തരവില്‍ പറയുന്നു. പ്രവാസ ലോകത്ത് നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ നടപടി.

ഇതോടെ, ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളുടെ മൃതദേഹങ്ങള്‍ തടസ്സങ്ങള്‍ ഇല്ലാതെ നാട്ടിലെത്തിക്കാന്‍ സാധിക്കും. അതേസമയം, കൊവിഡ് മരണം സ്ഥിരീകരിച്ച മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കൊണ്ടു പോകാന്‍ അനുവദിക്കില്ല. നേരത്തെ, ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് വരുന്ന കാര്‍ഗോ വിമാനങ്ങളുടെ മടക്കയാത്രയിലാണ് ഇത്തരത്തില്‍ മലയാളികളുടേത് ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ കയറ്റി അയച്ചിരുന്നത്. പിന്നീട് ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലൂടെ ഇത് റദ്ദാക്കുകയായിരുന്നു. 


ഇതേതുടര്‍ന്ന്, യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുവരുന്നതിനു വിലക്കേര്‍പ്പെടുത്തിയതോടെ യുഎഇയില്‍ മോര്‍ച്ചറികളിലടക്കം സൂക്ഷിച്ചിരിക്കുന്നത് 27 ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹങ്ങളാണ്. ഡല്‍ഹിയില്‍ നിന്നും അബുദാബിയിലേക്കു മടക്കി അയച്ച മൂന്നു മൃതദേഹങ്ങളും അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് മൂന്നു ഡല്‍ഹി സ്വദേശികളുടെ മൃതദേഹങ്ങള്‍ തിരിച്ചയച്ചത്. ഇന്ത്യന്‍ എംബസിയുടേതടക്കം അനുമതിയോടെ ഇത്തിഹാദ് കാര്‍ഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്കു അയച്ച മൂന്നു മൃതദേഹങ്ങളാണ് അബുദാബിയില്‍ തിരിച്ചെത്തിച്ചത്. കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാത്തതിനാല്‍ പുറത്തിറക്കാനാകില്ലെന്നു ഡല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നു അതേ വിമാനത്തില്‍ തിരിച്ചയച്ചു. ഈ മൃതദേഹങ്ങള്‍ ഇപ്പോള്‍ അബുദാബി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. എംബാം ചെയ്തു കഴിഞ്ഞതിനാല്‍ മോര്‍ച്ചറിയിലേക്കു തിരികെകൊണ്ടുപോകാനാകില്ലെന്നാണ് വിവരം. കായംകുളം സ്വദേശി ഷാജിലാലിന്റെ മൃതദേഹവും എംബാമിങ്ങിനു ശേഷം നാട്ടിലേക്കയക്കാനാകാത്തതിനാല്‍ ദുബായ് വിമാനത്താവളത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കുവൈത്തിലും എംബാമിങ്ങിനു ശേഷം രണ്ടു മലയാളികളുടെ മൃതദേഹം നാട്ടിലേക്കു അയക്കാനാകാതെ സൂക്ഷിച്ചിട്ടുണ്ട്. സൗദി, ഖത്തര്‍ തുടങ്ങി മറ്റു ഗള്‍ഫ് രാജ്യങ്ങളിലും മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Tags:    

Similar News