സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേക്കെതിരേ സുപ്രിംകോടതിയില്‍ ഹരജി
ആലുവ സ്വദേശി സുനില്‍ ജെ അറകാലനാണ് സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള സാമൂഹികാഘാത പഠനത്തിനായി നടത്തുന്ന സര്‍വേക്കെതിരേ സുപ്രിംകോടതിയില്‍ ഹരജി. സര്‍വ്വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപെട്ടിട്ടുണ്ട്. ഹരജി അടുത്ത ആഴ്ച കോടതിയുടെ പരിഗണനക്ക് വന്നേക്കും.
ആലുവ സ്വദേശി സുനില്‍ ജെ അറകാലനാണ് സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. സുനിലിന്റെ വസ്തുവില്‍ സര്‍വേയുടെ ഭാഗമായി കുറ്റികള്‍ സ്ഥാപിച്ചിരുന്നു. സാമൂഹികാഘാത പഠനത്തിനു മുന്നോടിയായുള്ള സര്‍വേ തുടരാമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേയാണ് ഹരജി. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് സര്‍വ്വേ നടക്കുന്നതെന്ന് ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്.
സര്‍വേ നടത്താനും ഉചിതമായ രീതിയില്‍ ഭൂമി അടയാളപ്പെടുത്താനും സാമൂഹികാഘാത പഠനം നടത്താനും സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നത്. സര്‍വേ നടത്താന്‍ കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് നിയമ പ്രകാരം സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.