ദുബയ് : ദുബയിൽ പെട്രോള്‍, ഡീസല്‍ വില കുത്തനെ കുറഞ്ഞു. കഴിഞ്ഞ 11മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും നിരക്കുള്ളത്. ഗാര്‍ഹിക ബജറ്റ് ചുരുക്കാനും താമസക്കാരുടെ വാങ്ങല്‍ ശേഷി മെച്ചപ്പെടുത്താനും പുതിയ മാറ്റം ഉപകരിക്കും. ഡിസംബറിനെ അപേക്ഷിച്ച് പെട്രോളിന് ലിറ്ററിന് 52 ഫില്‍സും ഡീസലിന് 45 ഫില്‍സും കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ ഏറ്റവും കുറഞ്ഞ നിരക്ക് കാണിച്ച മാസമാണിത്. മേയ് മാസത്തില്‍ ആരംഭിച്ച ഇന്ധന വിലവര്‍ധന ജൂണിലും ജൂലൈയിലും കുത്തനെ വര്‍ധിച്ചത് ആശങ്കക്കിടയാക്കിയിരുന്നു.
ഇന്ധനവില കുറഞ്ഞതോടെ നിത്യജീവിതച്ചെലവുകള്‍ കുറയുമെന്ന പ്രതീക്ഷയാണ് പ്രവാസികളടക്കമുള്ളവര്‍ക്ക് ആശ്വാസം പകരുന്നത്. സ്വന്തമായ വാഹനമുള്ളവര്‍ക്ക് കഴിഞ്ഞമാസങ്ങളില്‍ വലിയൊരു സംഖ്യ കൂടുതലായി പെട്രോള്‍ ഇനത്തില്‍ ചെലവുവന്നിരുന്നു. ടാക്സി നിരക്കിലും ദുബൈ, ഷാര്‍ജ, അജ്മാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആനുപാതികമായ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ പുതിയ നിരക്ക് നിലവില്‍വന്നതോടെ ഇവയില്‍ മാറ്റമുണ്ടാകും. പെട്രോള്‍, ഡീസല്‍ വിലയിലെ കുറവ് ഭക്ഷ്യവസ്തുക്കളുടെയും മറ്റും വിലയില്‍ കൂടി പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.