മാസ്‌ക് ധരിക്കാത്തതിനെചൊല്ലി ബാങ്ക് ജീവനക്കാരനുമായി തര്‍ക്കം; ശതകോടീശ്വരന്‍ കലിപ്പ് തീര്‍ത്തത് മുഴുവന്‍ നിക്ഷേപവും പിന്‍വലിച്ച്

സോഷ്യല്‍ നെറ്റ്‌വര്‍ക്കായ വെയ്‌ബോയില്‍ 'സണ്‍വെയര്‍' എന്ന പേരില്‍ അറിയപ്പെടുന്ന ശതകോടീശ്വരന്‍ മാസ്‌ക് ധരിക്കാതെ ബാങ്കിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

Update: 2021-10-24 06:53 GMT

ഷാങ്ഹായി: മാസ്‌ക് ധരിക്കാത്തതിനെചൊല്ലി ജീവനക്കാരനുമായുണ്ടായ കശപിശയെതുടര്‍ന്ന്പ്രകോപിതനായ ശതകോടീശ്വരന്‍ പ്രതികാരം തീര്‍ത്തത് തന്റെ നിക്ഷേപം മുഴുവന്‍ പിന്‍വലിച്ച്. ചൈനയിലെ ബാങ്ക് ഓഫ് ഷാങ്ഹായ് ശാഖയിലാണ് രസകരമായ സംഭവം അരങ്ങേറിയത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കായ വെയ്‌ബോയില്‍ 'സണ്‍വെയര്‍' എന്ന പേരില്‍ അറിയപ്പെടുന്ന ശതകോടീശ്വരന്‍ മാസ്‌ക് ധരിക്കാതെ ബാങ്കിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സുരക്ഷാ ജീവനക്കാരന്‍ ഇതു ചോദ്യം ചെയ്യുകയും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ പ്രകോപിതനാവുകയുമായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ചൈനയിലെ ബാങ്ക് ഓഫ് ഷാങ്ഹായുടെ സേവനത്തില്‍ നിരാശ പ്രകടിപ്പിച്ചാണ് ശതകോടീശ്വരന്‍ പണം പിന്‍വലിച്ചത്. പിന്‍വലിച്ച പണം എണ്ണിതിട്ടപ്പെടുത്താന്‍ നിര്‍ദേശിച്ചും ഇയാള്‍ ബാങ്ക് ജീവനക്കാര്‍ക്ക് പണി കൊടുത്തു. പണം എണ്ണുന്ന മെഷീന്‍ ഉപയോഗിച്ച് രണ്ടു മണിക്കൂറോളം സമയമെടുത്താന്‍ ജീവനക്കാര്‍ ഈ പണം എണ്ണിതിട്ടപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

സണ്‍വെയര്‍ ചൈനയിലെ ബാങ്ക് ഓഫ് ഷാങ്ഹായ് ശാഖയില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുകയായ അഞ്ച് മില്യണ്‍ യുവാന്‍ (ഏകദേശം 566,000 പൗണ്ട്) പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്.

തന്റെ മുഴുവന്‍ നിക്ഷേപവും നീക്കംചെയ്യുന്നത് വരെ എല്ലാ ദിവസവും ബാങ്കിലെത്താനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് കോടീശ്വരന്‍ പറഞ്ഞു. ഓരോ തവണയും ബാങ്ക് ജീവനക്കാര്‍ അത് എണ്ണിതിട്ടപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അക്കൗണ്ടില്‍ ശതകോടികള്‍ ഉണ്ടായിട്ടും ബാങ്ക് ജീവനക്കാരന്റെ ഭാഗത്ത് നിന്ന് 'ഏറ്റവും മോശമായ സേവന മനോഭാവമാണ്' ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.

100 യുവാന്റെ നോട്ടുകെട്ടുകള്‍ സ്യൂട്ട് കേസുകളിലാക്കി തന്റെ ആഡംബര കാറിലേക്ക് കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങള്‍ ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്.

Tags:    

Similar News