യുഎസില്‍ ഇന്ത്യന്‍ വംശജനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചു
തിങ്കളാഴ്ച ഉച്ചയോടെ സാന്താ ക്രൂസ് മലമുകളിലാണ് തന്റെ ബിഎംഡബ്യൂ കാറില്‍ തുഷാറിന്റെ മൃതദേഹം കണ്ടെത്തിയത്.
കാലഫോര്‍ണിയ: ഇന്ത്യന്‍ വംശജനും യുഎസിലെ കോടീശ്വരനായ ടെക് സ്ഥാപന ഉടമയുമായ തുഷാര്‍ ആത്രേ (50)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെ സാന്താ ക്രൂസ് മലമുകളിലാണ് തന്റെ ബിഎംഡബ്യൂ കാറില്‍ തുഷാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഒക്ടോബര്‍ ഒന്നിന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ കാണാതായത്. വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലിസ് നിഗമനം. ഇന്നാണ് മൃതദേഹം തുഷാറിന്റേതാണെന്ന് പോലിസ് സ്ഥിരീകരിച്ചത്.
മോഷണ ശ്രമത്തിനിടെയാവാം കൊലപാതകമെന്ന് പോലിസ് സംശയിക്കുന്നു. അമേരിക്കയിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ആത്രേ നെറ്റിന്റെ ഉടമയായിരുന്നു. ഒക്ടോബര്‍ ഒന്നിന് പുലര്‍ച്ചെ മൂന്ന് മണിക്ക് തന്റെ ബിഎംഡബ്ല്യു കാറിലേക്ക് ഇദ്ദേഹം കയറുന്നതാണ് പോലിസിന് ലഭ്യമായ അവസാന വീഡിയോ ദൃശ്യം. കാലിഫോര്‍ണിയയിലെ വസതിയില്‍ നിന്നാണ് ഇദ്ദേഹം കാറില്‍ കയറിയത്. തൊട്ടുമുന്‍പ് പോലിസ് കണ്‍ട്രോള്‍ റൂമിലേക്ക് ഇദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. പോലിസ് എത്തുമ്പോഴേക്കും തുഷാറുമായി അക്രമി സംഘം കടന്നിരുന്നു. ഉച്ചയോടെയാണ് തുഷാറിന്റെ കാര്‍ പോലിസ് കണ്ടെത്തിയത്.