പിജി പ്രവേശനം നിഷേധിക്കുന്നു; വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാര്‍ഥിയുടെ പരാതി
സര്‍വകലാശാലയും കോളജ് അധികൃതരും വട്ടംകറക്കി
മലപ്പുറം: ബിരുദത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി ബിരുദാനന്തര ബിരുദ പഠനത്തിനെത്തിയ വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതി. കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത പൊന്നാനി എംഇഎസ് കോളജില്‍ നിന്നു 80 ശതമാനം മാര്‍ക്കോടെ ബിഎസ് സി ജിയോളജി വിജയിച്ച മലപ്പുറം വെളിയങ്കോട് സ്വദേശി സാഹിദ് മുഹമ്മദിനാണ് തുടര്‍പഠനത്തിനു വേണ്ടി ഞെട്ടോട്ടമോടേണ്ടി വന്നത്. പല പല കാരണങ്ങള്‍ പറഞ്ഞ് കോളജ് അധികൃതരും സര്‍വകലാശാലയും ചേര്‍ന്ന് വട്ടംകറക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സാഹിദ് മുഹമ്മദ് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥിനു പരാതി നല്‍കിയിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ പരാതികള്‍ നല്‍കാനായി പുതുതായി ഏര്‍പ്പെടുത്തിയ ഫോര്‍ ദ സ്റ്റുഡന്‍സ് എന്ന ഇ-മെയിലിലേക്ക് പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും സാഹിദ് മുഹമ്മദ് തേജസ് ന്യൂസിനോട് പറഞ്ഞു. കോളജുകളില്‍ പിജി പഠനം തുടങ്ങിയിട്ടും തുടര്‍പഠനം വഴിമുട്ടിയ വിദ്യാര്‍ഥി ആശങ്കയിലാണ്.
ബിരുദഫലം പ്രസിദ്ധീകരിച്ചെങ്കിലും വിദ്യാര്‍ഥികള്‍ക്ക് കോളജില്‍നിന്ന് ഒറിജിനല്‍ മാര്‍ക്ക് ലിസ്‌റ്റോ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റോ ജൂണ്‍ 17 വരെ നല്‍കിയിരുന്നില്ല. സര്‍വകലാശാലയില്‍ നിന്ന് അയച്ചിട്ടില്ലെന്നായിരുന്നു മറുപടി നല്‍കിയിരുന്നത്. ഇതിനിടെ, 2018 മെയ് 27നു കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള കാസര്‍കോഡ് ഗവ. കോളജില്‍ വിദ്യാര്‍ഥി എംഎസ് സി ജിയോളജിക്കു വേണ്ടി 420 രൂപ ഫീസടച്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. ജൂണ്‍ മൂന്നിനു ആദ്യ അലോട്ട്‌മെന്റ് പുറത്തുവന്നപ്പോള്‍ തന്നെ മുസ് ലിം കാറ്റഗറിയില്‍ പ്രവേശനം ലഭിച്ചതായി അറിയിപ്പും ലഭിച്ചു. തുടര്‍ന്ന് 610 രൂപ പ്രവേശന ഫീസും അടച്ച് സീറ്റുറപ്പാക്കി. ഈസമയം കോളജിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ ജൂണ്‍ 12 മുതല്‍ 14 വരെയാണ് പ്രവേശനമെന്നു മനസ്സിലായി. ഇതനുസരിച്ച് ഏഴിനു തന്നെ 340 രൂപ നല്‍കി ട്രെയിന്‍ ബുക്ക് ചെയ്തു. 11നു കോളജിലേക്കു വിളിച്ചപ്പോഴാണ് 13ലേക്കു നീട്ടിവച്ച കാര്യം അറിഞ്ഞത്. 13നു കോളജിലെത്തിയപ്പോള്‍ പിറ്റേന്നത്തേക്ക് മാറ്റിയെന്നാണു മറുപടി ലഭിച്ചത്. ഇക്കാര്യം സര്‍വകലാശാല അധികൃതര്‍ അറിയിച്ചിരുന്നില്ല. കോളജില്‍ നിന്നു 250 കിലോമീറ്റര്‍ അകലെ താമസിക്കുന്ന തനിക്ക് നാട്ടിലേക്ക് പോയി തിരിച്ചു പിറ്റേന്നു തന്നെ എത്താന്‍ പ്രയാസമായതിനാല്‍ മാതാവിനോടൊപ്പം വാടക മുറിയെടുത്ത് താമസിച്ചു. പിറ്റേന്ന് കോളജില്‍ പ്രവേശനത്തിനായി പോയപ്പോള്‍ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുമില്ലെന്നു പറഞ്ഞ് പ്രവേശനം നിഷേധിക്കുകയായിരുന്നു. കോളജില്‍ നിന്നും എംഎസ് സി വകുപ്പില്‍ നിന്നുമുള്ള കത്തും ഗ്രേഡ് കാര്‍ഡുമെല്ലാം തെളിവായി കാണിച്ചുകൊടുത്തെങ്കിലും സ്വീകരിച്ചില്ലെന്നു മാത്രമല്ല, കണ്ണൂര്‍ സര്‍വകലാശാലയില്‍ പോയി പ്രവേശനാനുമതിക്കു വേണ്ടിയുള്ള അറിയിപ്പില്ലാതെ കോളജില്‍ കയറ്റാനാവില്ലെന്നു പറഞ്ഞു തിരിച്ചയക്കുകയും ചെയ്തു. ഇതിനിടെ, കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് പൊന്നാനി എംഇഎസ് കോളജിലേക്ക് അയച്ചതായും ഒരാഴ്ചയ്ക്കകം ലഭിക്കുമെന്നും മനസ്സിലായി. വൈകീട്ടോടെ കണ്ണൂര്‍ സര്‍വകലാശാലയിലെത്തി രജിസ്ട്രാറെ കാര്യങ്ങള്‍ ബോധിപ്പിച്ചു. രജിസ്ട്രാറുടെ പിഎയ്ക്ക് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് രേഖാമൂലം പരാതി നല്‍കാനും ഒരാഴ്ചയ്ക്കകം സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക്‌ലിസ്റ്റും സമര്‍പ്പിക്കുമെന്നും അല്ലാത്തപക്ഷം പ്രവേശനം റദ്ദാക്കുമെന്ന് പറയുകയും ചെയ്തു. അവിടുന്ന് നേരെ കാസര്‍കോട്ടേക്ക് പോവുകയും പിറ്റേന്നും വാടകമുറിയെടുത്ത് താമസിക്കുകയും ചെയ്തു. തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പലിനെ ബന്ധപ്പെട്ടപ്പോഴും ഇതേരൂപത്തിലുള്ള ഡിക്ലറേഷന്‍ ലെറ്റര്‍ എഴുതിത്തരാനാണു പറഞ്ഞത്. പൊന്നാനി എംഇഎസ് കോളജിലും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസിലും സീറ്റ് ലഭിച്ചിട്ടും അവിടെ പോവാതെയാണ് വിദ്യാര്‍ഥി കാസര്‍കോട് ഗവ. കോളജ് തിരഞ്ഞെടുത്തത്.
ഒടുവില്‍ ജൂണ്‍ 15നു കോളജിലെത്തിയെങ്കിലും വിദ്യാര്‍ഥിക്കു പ്രവേശനം നല്‍കിയില്ല. കോളജ് സൂപ്രണ്ടാണ് ഇക്കുറി വിലങ്ങുതടിയായത്. ഇതേത്തുടര്‍ന്ന് വീട്ടിലേക്കു മടങ്ങിയ വിദ്യാര്‍ഥി 17ന് ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും കൈപ്പറ്റി കോളജ് അധികൃതരെ അറിയിച്ചപ്പോള്‍ വീണ്ടും കണ്ണൂര്‍ സര്‍വകലാശാല അധികൃതരെ ബന്ധപ്പെടാനാണു പറഞ്ഞത്. ഇതുപ്രകാരം ചെയ്തപ്പോള്‍ കോളജ് പ്രിന്‍സിപ്പലില്‍ നിന്നു ഒരു ഇ-മെയില്‍ അയക്കാന്‍ പറഞ്ഞു. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് അവിടെയില്ലാത്തതിനാല്‍ അവര്‍ മെയില്‍ അയച്ചില്ല. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകളെല്ലാം ഇ മെയില്‍ വഴി അയച്ചെങ്കിലും അധികൃതര്‍ അവഗണിക്കുകയും നേരിട്ടു പോവാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, പിറ്റേന്ന് പോയാല്‍ പ്രവേശനം സംബന്ധിച്ച് യാതൊരു ഉറപ്പും അവര്‍ നല്‍കിയിരുന്നില്ല. പ്രത്യേകിച്ച് കോളജ് സൂപ്രണ്ടാണ് ഇതിനു തടസ്സം നിന്നതെന്നും വിദ്യാര്‍ഥി പരാതിയില്‍ ചൂണ്ടിക്കാട്ടി. വ്യക്തിപരമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും തന്നോടും മാതാവിനോടും മോശമായാണു സൂപ്രണ്ട് പെരുമാറിയതെന്നും വിദ്യാര്‍ഥി പരാതിയില്‍ പറയുന്നുണ്ട്. മൂന്നുദിവസത്തോളം കടുത്ത മാനസിക പീഡനമാണ് തനിക്കും മാതാവിനും നേരിടേണ്ടി വന്നത്. രജിസ്‌ട്രേഷന്‍ ഫീസ്, പ്രവേശന ഫീസ്, മുറിവാടക ഇനത്തില്‍ 6000ത്തോളം രൂപയും ചെലവായി. ഈ തുക തിരിച്ചുതരണമെന്നൊന്നും ആവശ്യപ്പെടുന്നില്ല. എന്നാല്‍ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച കോളജ് അധികൃതര്‍ക്കും സൂപ്രണ്ടിനുമെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥി പരാതിയില്‍ ആവശ്യപ്പെട്ടു.
സര്‍വകലാശാലകളുടെയും കോളജ് അധികൃതരുടെയും ഇത്തരം നിഷേധാത്മക നിലപാട് കാരണം, തുടര്‍പഠനത്തിനെത്തുന്ന നിരവധി വിദ്യാര്‍ഥികളാണ് ബുദ്ധിമുട്ടുന്നത്. നേരത്തെയും ഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും നടപടികളെടുക്കാത്തതാണ് ആവര്‍ത്തിക്കാന്‍ കാരണമെന്ന ആക്ഷേപവും ശക്തമാണ്.