തെലങ്കാന സെക്രട്ടേറിയറ്റ് വളപ്പിലെ തകര്‍ക്കപ്പെട്ട മസ്ജിദുകള്‍ പുനര്‍നിര്‍മിക്കണം; സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി

സെക്രട്ടറിയേറ്റ് വളപ്പിലെ വിവിധ ബ്ലോക്കുകളിലായി സ്ഥിതിചെയ്തിരുന്ന നല്ലാ പോച്ചമ്മ ക്ഷേത്രം, മസ്ജിദ് ദഫാത്തീരെ മൗത്താമദി, മസ്ജിദ് ഹാഷ്മി എന്നീ ആരാധനാലയങ്ങളാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ അധികൃതര്‍ പൊളിച്ചുനീക്കിയത്

Update: 2020-08-11 14:06 GMT

ന്യൂഡല്‍ഹി: തെലങ്കാന സെക്രട്ടേറിയറ്റ് അങ്കണത്തിലെ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് എക്‌സിക്യുട്ടീവ് ഉത്തരവോ പ്രമേയമോ പാസാക്കാന്‍ കേന്ദ്രത്തിനും തെലങ്കാന സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി.തെലങ്കാന മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഓഫിസുകള്‍ ഉള്‍കൊള്ളുന്ന സെക്രട്ടേറിയറ്റ് സമുച്ചയം 25 ഏക്കറിലണ് നിലകൊള്ളുന്നതെന്ന് അഭിഭാഷകന്‍ ഖാജ ഐജാസുദ്ദീന്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി.

സെക്രട്ടറിയേറ്റ് വളപ്പിലെ വിവിധ ബ്ലോക്കുകളിലായി സ്ഥിതിചെയ്തിരുന്ന നല്ലാ പോച്ചമ്മ ക്ഷേത്രം, മസ്ജിദ് ദഫാത്തീരെ മൗത്താമദി, മസ്ജിദ് ഹാഷ്മി എന്നീ ആരാധനാലയങ്ങളാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ അധികൃതര്‍ പൊളിച്ചുനീക്കിയത്. ക്ഷേത്രവും രണ്ട് പള്ളികളും ഹൈദരാബാദിലെ സെക്രട്ടേറിയറ്റ് കെട്ടിട സമുച്ചയത്തിനകത്താണെന്നും ഈ ആരാധാനാലയങ്ങളുടെ നിലനില്‍പ്പ് സംബന്ധിച്ചിടത്തോളം ഇതുവരെയും തര്‍ക്കമുണ്ടായിരുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

സെക്രട്ടേറിയറ്റ് കെട്ടിട സമുച്ചയവും അതിനകത്തെ നിലവിലുള്ള മുഴുവന്‍ കെട്ടിടങ്ങളും പൊളിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ ഇതിനെതിരേ നിരവധി പൊതുതാല്‍പര്യ ഹരജികള്‍ തെലങ്കാന ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, പൊതുതാല്‍പര്യ ഹരജികള്‍ തള്ളി സെക്രട്ടേറിയറ്റ് സമുച്ചയം പൊളിക്കാന്‍ ഹൈക്കോടതി ജൂണ്‍ 29ന് അനുമതി നല്‍കിയിരുന്നു.

ആരാധാനാലയങ്ങള്‍ പൊളിച്ചുമാറ്റിയതില്‍ കേവലം ഖേദപ്രകടനം മാത്രമാണ് തെലങ്കാന മുഖ്യമന്ത്രി നടത്തിയത്. എന്നാല്‍, പൊളിച്ചുമാറ്റിയ ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതില്‍ അദ്ദേഹം വേണ്ടത്ര പ്രതിജ്ഞാബദ്ധത കാണിക്കുന്നില്ലെന്നും ഹരജിയില്‍ കുറ്റപ്പെടുത്തി.

ഒരിക്കല്‍ നിര്‍മിക്കപ്പെട്ട ആരാധനാലയങ്ങള്‍ എന്നെന്നും ആരാധനാലയം തന്നെയായിരിക്കുമെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 26 ഉറപ്പുതരുന്നതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ആരാധനാലയങ്ങളുടെ പ്രവര്‍ത്തനത്തിനും സംരക്ഷണത്തിനും മേല്‍നോട്ടം വഹിക്കാന്‍ നിയമാനുസൃതമായി ബാധ്യസ്ഥരായ അധികാരികള്‍ ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാട്ടിയെന്നും മതസ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റുന്നത് നിയമവാഴ്ചയെ പൂര്‍ണമായും ലംഘിക്കുന്നതാണെന്നും അതിനാലാണ് ഉന്നത കോടതിയെ സമീപിച്ചതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News