മധ്യപ്രദേശില്‍ ചെറുവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

Update: 2023-01-06 10:02 GMT
മധ്യപ്രദേശില്‍ ചെറുവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

ഭോപാല്‍: മധ്യപ്രദേശില്‍ ചെറുവിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. ക്യാപ്റ്റന്‍ വിശാല്‍ യാദവ് (30) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സഹപൈലറ്റ് അന്‍ഷുല്‍ യാദവിനെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന തലസ്ഥാനമായ ഭോപാലില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള മധ്യപ്രദേശ് രേവ ജില്ലയിലെ ഉമ്രി ഗ്രാമത്തിലാണ് പരിശീലക വിമാനം തകര്‍ന്നുവീണത്. വ്യാഴാഴ്ച രാത്രി 11.30 നാണ് അപകടം. മധ്യപ്രദേശ് രേവയിലെ ക്ഷേത്രത്തിന്റെ മുകളിലേക്ക് വിമാനം വന്നിടിച്ചാണ് അപകടം സംഭവിച്ചത്.

പരിശീലന പറക്കലിനിടെ ക്ഷേത്രത്തിന്റെ താഴികക്കുടത്തില്‍ ഇടിക്കുകയായിരുന്നു പ്രഥമദൃഷ്ട്യാ, മോശം കാലാവസ്ഥയും പ്രദേശത്ത് നിലനില്‍ക്കുന്ന മൂടല്‍മഞ്ഞുമാണ് അപകടത്തിന് കാരണമായി കണക്കാക്കുന്നത്. ഫാല്‍കണ്‍ ഏവിയേഷന്‍ അക്കാദമിയുടെ പരിശീലക വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രേവ കലക്ടര്‍ മനോജ് പുഷ്പ്, പോലിസ് സൂപ്രണ്ട് നന്‍വ്‌നീത് ഭാസിന്‍ എന്നിവര്‍ സംഭവസ്ഥലത്തുണ്ടെന്നും അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ജില്ലാ അധികൃതര്‍ അറിയിച്ചു.

Tags:    

Similar News