പൈലറ്റുമാര്‍ ഉറങ്ങി; ജീവന്‍ കയ്യില്‍പിടിച്ച് യാത്രക്കാര്‍; വിമാനം ലാന്റ് ചെയ്യാന്‍ 25 മിനിട്ടിലധികം വൈകി
ബോയിങ് 737800 ഇ.ടി 343യിലെ രണ്ടു പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്.
അഡിസ് അബാബ: സുദാനിലെ ഖാര്‍ത്തൂമില്‍ നിന്ന് എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയിലേക്കുള്ള യാത്രക്കിടെ എത്യോപ്യന്‍ എയര്‍ലൈന്‍സ് പൈലറ്റുമാര്‍ ഉറങ്ങിപോയതായിറിപോര്‍ട്ട്. ഇതിനെതുടര്‍ന്ന് കൃത്യ സ്ഥലത്ത് വിമാനം ലാന്‍ഡ് ചെയ്യാനായില്ല. തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് ഏവിയേഷന്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു. രണ്ട് പൈലറ്റുമാരും വിമാനം 37,000 അടി ഉയരത്തില്‍ പറക്കവെ പരിസരം മറന്ന് ഉറങ്ങിയതോടെ വിമാനം ലാന്‍ഡുചെയ്യാന്‍ വൈകി.
ബോയിങ് 737800 ഇ.ടി 343യിലെ രണ്ടു പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്. വിമാനം ഓട്ടോ പൈലറ്റായിരുന്നത് കൊണ്ട് തന്നെ ഫ്‌ളൈറ്റ് മാനേജ്‌മെന്റ് കമ്പ്യൂട്ടര്‍ (എഫ്.എം.സി) വഴി റൂട്ട് സജ്ജീകരിച്ച ശേഷമായിരുന്നു പൈലറ്റുമാരുടെ ഉറക്കം. ലാന്‍ഡ് ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും വിമാനം കാണാത്തതിനെത്തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി) വിമാനത്തിലുള്ള പൈലറ്റുമാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പിന്നീട് ഇറങ്ങേണ്ട റണ്‍വേയ്ക്ക് മുകളിലൂടെ വിമാനം പറന്നതോടെ ഓട്ടോ പൈലറ്റ് സംവിധാനം അലാം മുഴക്കിയതോടെയാണ് പൈലറ്റുമാര്‍ ഉണര്‍ന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിനകം തന്നെ റണ്‍വേയില്‍ ഇറങ്ങാന്‍ 25 മിനിറ്റലധികം വൈകിയിരുന്നു. തുടര്‍ന്ന് പെട്ടെന്ന് തന്നെ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി വിമാനം സുരക്ഷിതമായി റണ്‍വേയിലിറക്കുകയായിരുന്നു.
സംഭവം നടന്നതായും വിമാനം റണ്‍വേയ്ക്ക് മുകളിലൂടെ പറന്നതായും വ്യോമയാന നിരീക്ഷണ സംവിധാനമായ എഡിഎസ്ബിയില്‍ നിന്നുള്ള ഡാറ്റ സ്ഥിരീകരിച്ചു. അഡിസ് അബാബ എയര്‍പോര്‍ട്ടിന് സമീപമുള്ള ലൂപ്പ് കാണിക്കുന്ന വിമാനത്തിന്റെ ഫ്‌ലൈറ്റ് പാതയുടെ ഒരു ചിത്രം ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏവിയേഷന്‍ അനലിസ്റ്റ് അലക്‌സ് മച്ചറസും സംഭവത്തെക്കുറിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു, ഇത് 'ആഴത്തില്‍ ആശങ്കപ്പെടുത്തുന്നു' എന്നും പൈലറ്റിന്റെ ക്ഷീണമാണ് ഇതിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂയോര്‍ക്കില്‍ നിന്ന് റോമിലേക്കുള്ള വിമാനം ഭൂമിയില്‍ നിന്ന് 38,000 അടി ഉയരത്തില്‍ സഞ്ചരിക്കുന്നതിനിടെ രണ്ട് പൈലറ്റുമാര്‍ ഉറങ്ങിപ്പോയതിന് സമാനമായ സംഭവം മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എയര്‍ബസ് 330 ഫ്രാന്‍സിന് മുകളിലൂടെ പറക്കുമ്പോള്‍ ഐടിഎ എയര്‍വേയ്‌സിന്റെ രണ്ട് പൈലറ്റുമാരും ഉറങ്ങുകയായിരുന്നുവെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.