ഹൈസ്‌കൂളില്‍ പോയില്ലെങ്കിലെന്താ; ഇത്രയും കാലം വിമാനം പറത്തിയില്ലേ...!!!

പാകിസ്താന്റെ ഔദ്യോഗിക എയര്‍ലൈന്‍സിലെ ജീവനക്കാരുടെ യോഗ്യത പുറത്തുവന്നപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. ഏഴ് പൈലറ്റുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തിയതായി പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞദിവസം സുപ്രിംകോടതിയെ അറിയിച്ചു.

Update: 2018-12-31 02:38 GMT


ലാഹോര്‍: പഠിപ്പും പത്രാസുമുണ്ടെങ്കിലേ ഉന്നതിയിലെത്താന്‍ കഴിയൂവെന്ന് ധരിക്കുന്നവര്‍ക്ക് പാകിസ്താനില്‍ നിന്നൊരു വാര്‍ത്ത. അപരാധമെന്നോ കൗതുകമെന്നോ ക്രൂരമെന്നോ എന്തു വേണമെങ്കിലും വിളിക്കാം. പക്ഷേ, എസ്എസ്എല്‍സി പോലും പാസിയില്ലെങ്കിലും വിമാനം പറത്തിയവര്‍ ആരും തന്നെ ഇതുവരെ കാര്യമായ അപകടം വരുത്തിയിട്ടൊന്നുമില്ല. പാകിസ്താന്റെ ഔദ്യോഗിക എയര്‍ലൈന്‍സിലെ ജീവനക്കാരുടെ യോഗ്യത പുറത്തുവന്നപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. ഏഴ് പൈലറ്റുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തിയതായി പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞദിവസം സുപ്രിംകോടതിയെ അറിയിച്ചു. വിമാനമോടിച്ച അഞ്ചുപേര്‍ പത്താംക്ലാസ് പോലും പാസിയിട്ടില്ലത്രേ. ബസ് ഓടിക്കാന്‍പോലും അറിയാത്തവര്‍ വിമാനംപറത്തിയെന്നു സാരം.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സില്‍ പൈലറ്റുമാരും ജീവനക്കാരും വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് ജോലി ചെയ്യുന്നതായി ആരോപണമുയര്‍ന്നത്. തുടര്‍ന്ന് ഡിസംബര്‍ 28നകം ഇക്കാര്യം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പുവരുത്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയോട് ചീഫ് ജസ്റ്റിസ് സാഖിബ് നിസാറിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ബോര്‍ഡുകളുടെയും സര്‍വകലാശാലകളുടെയും നിസ്സഹകരണം കാരണം നിശ്ചിതസമയത്തിനകം സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനായില്ലെന്ന് ഏവിയേഷന്‍ നിയമോപദേഷ്ടാവ് കോടതിയെ ധരിപ്പിച്ചു. അന്വേഷണത്തോട് എയര്‍ലൈന്‍സും സഹകരിച്ചില്ലെന്നും 4321 ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധിക്കാനായതെന്നും അവര്‍ പറഞ്ഞു. മതിയായ രേഖകള്‍ ഹാജരാക്കാത്ത 50 ജീവനക്കാരെ പിരിച്ചുവിട്ടെന്നും എയര്‍ലൈന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. 498 പൈലറ്റുമാരുടേയും ലൈസന്‍സ് പരീക്ഷയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    

Similar News