പാകിസ്താന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി നൽകിയ മൂന്ന് ചൈനീസ് കമ്പനികൾക് യുഎസ് ഉപരോധം

Update: 2024-04-20 16:56 GMT

വാഷിങ്ടണ്‍: പാകിസ്താന് ബാലിസ്റ്റിക് മിസൈല്‍ ടെക്‌നോളജി നല്‍കിയ മൂന്ന് ചൈനീസ് കമ്പനികള്‍ക്ക് ഉപരോധം പ്രഖ്യാപിച്ച് യുഎസ്. പാകിസ്താന് ഏറ്റവും കൂടുതല്‍ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ചൈനയാണ്. ബാലിസ്റ്റിക് മിസൈല്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യയാണ് ചൈനീസ് കമ്പനികള്‍ കൈമാറിയത്. ദീര്‍ഘദൂര മിസൈല്‍ നിര്‍മിക്കാനുള്ള സാങ്കേതി വിദ്യകളും കൂട്ടത്തിലുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വ്യക്തമാക്കി. സിയാന്‍ ലോങ്‌ഡെ ടെക്‌നോളജി ഡെവലപ്‌മെന്റ്, ചൈനയിലെ ടിയാന്‍ജിന്‍ ക്രിയേറ്റീവ് സോഴ്‌സ് ഇന്റര്‍നാഷനല്‍ ട്രേഡ് ആന്‍ഡ് ഗ്രാന്‍പെക്റ്റ് കോ ലിമിറ്റഡ്, ബെലറൂസിലെ മിന്‍സക് വീല്‍ ട്രാക്റ്റര്‍ പ്ലാന്റ് എന്നീ കമ്പനികള്‍ക്കാണ് യുഎസ് ഉപരോധം പ്രഖ്യാപിച്ചത്.

ഈ കമ്പനികള്‍ പാകിസ്താന് ആയുധങ്ങള്‍ നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ വന്‍തോതില്‍ വിതരണം ചെയ്യുകയോ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തതായി വിവരം ലഭിച്ചതായി യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ആശങ്കാജനകമായ ഇത്തരം നടപടികള്‍ ഒരിക്കലും തുടരാന്‍ സമ്മതിക്കില്ലെന്നും മില്ലര്‍ വ്യക്തമാക്കി. മിന്‍സക് വീല്‍ ട്രാക്റ്റര്‍ പ്ലാന്റ് പാകിസ്താന് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കുള്ള പ്രത്യേക വാഹനം നല്‍കി. സിയാന്‍ ലോങ്‌ഡെ ടെക്‌നോളജി ഡെവലപ്‌മെന്റ് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കായി ഫിലമെന്റ് വൈന്‍ഡിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള വിതരണം ചെയ്തു. പാകിസ്താന്റെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് ചൈനയിലെ ടിയാന്‍ജിന്‍ ക്രിയേറ്റീവ് സോഴ്‌സ് ഇന്റര്‍നാഷനല്‍ ട്രേഡ് ആന്‍ഡ് ഗ്രാന്‍പെക്റ്റ് കോ ലിമിറ്റഡ് വിതരണം ചെയ്തത്.

ബഹിരാകാശ വിക്ഷേപണ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പ്രൊപ്പല്ലന്റ് ടാങ്കുകള്‍ നിര്‍മിക്കാനടക്കമുള്ള ഉപകരണങ്ങളില്‍ ഇതില്‍ ഉള്‍പ്പെടുമെന്നാണ് യുഎസ് കണ്ടെത്തല്‍.

Tags:    

Similar News