പിണറായിയുടേത് സംഘപരിവാര്‍ ആഖ്യാനങ്ങളെ ഉറപ്പിക്കുന്ന പ്രതികരണമെന്ന് സോളിഡാരിറ്റി

Update: 2024-09-30 13:43 GMT

കോഴിക്കോട്: സംഘപരിവാര്‍ ആഖ്യാനങ്ങളെ യാതൊരു കൂസലുമില്ലാതെ ഉറപ്പിക്കുന്ന പ്രതികരണങ്ങളാണ് പിണറായി വിജയന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ്. ഇടതുപക്ഷ സര്‍ക്കാറിനെതിരേ പലഘട്ടങ്ങളിലും ഉയര്‍ന്നുവന്ന ഗുരുതരമായ ആരോപണമാണ് കേരള സര്‍ക്കാറും സംഘപരിവാറും തമ്മിലുള്ള ബന്ധങ്ങളും ഡീലുകളും. അതിനെ ശരിവയ്ക്കുന്ന നിരവധി തെളിവുകള്‍ പൊതുസമൂഹത്തിന് മുമ്പാകെ ഒരു ഭരണപക്ഷ എംഎല്‍എ തുറന്നുവച്ചിട്ടും തങ്ങളുടെ സംഘപരിവാര്‍ ബന്ധത്തെ പേരിനെങ്കിലും തള്ളിക്കളയുന്ന ഒരു വര്‍ത്തമാനം പോലും പറയുന്നില്ലെന്ന് മാത്രമല്ല, യാതൊരു കൂസലുമില്ലാതെ സംഘപരിവാര്‍ ആഖ്യാനങ്ങളെ ഉറപ്പിക്കുന്ന പ്രതികരണങ്ങളാണ് പിണറായി വിജയന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അന്‍വറിന്റെ ആരോപണത്തെ ചെറുക്കാന്‍ അന്‍വര്‍ പ്രതിനിധീകരിക്കുന്ന ദേശത്തെയും സമുദായത്തെയും പൈശാചികവല്‍ക്കരിക്കുന്ന പണിയാണ് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി ചെയ്യുന്നത്. കേരളത്തില്‍ ഇസ്‌ലാമിക തീവ്രവാദം വര്‍ക്ക് ചെയ്യുന്നുണ്ടെന്നും മലപ്പുറം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങനങ്ങളുടെ കേന്ദ്രമാണെന്നുമുള്ള തികച്ചും ഇസ്‌ലാമോഫോബിക്കായ സംഘപരിവാര്‍ പ്രചാരണങ്ങളുടെ മെഗാഫോണായി മുഖ്യമന്ത്രി അധപതിക്കുന്ന കാഴ്ച തികച്ചും ഖേദകരമാണ്. മുമ്പ് വി എസ് മലപ്പുറത്തെകുറിച്ചും മുസ് ലിംകളെ കുറിച്ചും വിദ്വേഷം വമിപ്പിച്ചത് ആരും മറന്നുകാണില്ല. താല്‍ക്കാലിക കാര്യലാഭങ്ങള്‍ക്കായി പിണറായി വിജയനും പാര്‍ട്ടിയും മുസ്‌ലിം വിരുദ്ധത ഛര്‍ദിക്കുക മാത്രമല്ല സംഘപരിവാറിന് വേണ്ടി ഈ നാടിനെ ഒറ്റുകൊടുക്കുക കൂടിയാണ് ചെയ്യുന്നത്. ശക്തമായ പ്രതിഷേധങ്ങളുയരേണ്ട അനിവാര്യ സന്ദര്‍ഭമാണിതെന്നും അദ്ദേഹം പ്രസ്താവിച്ചു.

Tags:    

Similar News