മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് പെണ്‍കുട്ടിയെ അപമാനിച്ച സംഭവം: കോടതിയില്‍ മാപ്പപേക്ഷ നല്‍കി പിങ്ക് പോലിസ് ഉദ്യോഗസ്ഥ
തന്റെ പെരുമാറ്റം കൊണ്ട് ബുദ്ധിമുട്ടുണ്ടായ പെണ്‍കുട്ടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നുവെന്ന് അറിയിച്ചുകൊണ്ടാണ് അഭിഭാഷകന്‍ മുഖേന പിങ്ക് പോലിസ് ഉദ്യോഗസ്ഥ മാപ്പപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് പരസ്‌യമായി അപമാനിച്ച സംഭവത്തില്‍ ആരോപണ വിധേയയായ പിങ്ക് പോലിസ് ഉദ്യോഗസ്ഥസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കി.തന്റെ പെരുമാറ്റം കൊണ്ട് ബുദ്ധിമുട്ടുണ്ടായ പെണ്‍കുട്ടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നുവെന്ന് അറിയിച്ചുകൊണ്ടാണ് അഭിഭാഷകന്‍ മുഖേന പിങ്ക് പോലിസ് ഉദ്യോഗസ്ഥ മാപ്പപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
നേരത്തെ കേസ് പരിഗണിച്ച കോടതി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയിരുന്നത്.പോലിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ കോടതി വിമര്‍ശിച്ചിരുന്നു.യൂനിഫോമിട്ടാല്‍ എന്തു ചെയ്യാമെന്നാണോ പോലിസ് കരുതുന്നതെന്ന് കോടതി ചോദിച്ചിരുന്നു.അപമാനിക്കപ്പെട്ട കുട്ടി നമ്മുടെ ഏതൊരു ആളുടെ കുട്ടിയെ പോലെ തന്നെയാണ്. പെണ്‍കുട്ടിക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.കുട്ടിയുടെ മനസിലുണ്ടായ മുറിവുണക്കാന്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.
സംഭവം കുട്ടിയില്‍ മാനസികാഘാതം ഉണ്ടാക്കിയെന്നത് യാഥാര്‍ഥ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിയെ പരിശോധിച്ച ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനോട് അടുത്ത തവണം കേസ് പരിഗണിക്കുമ്പോള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കേസ് വീണ്ടും പരിഗണിക്കാന്‍ ഈ മാസം 15 ലേക്ക് മാറ്റി