പിങ്ക് ഉപ്പ്: ഹിമാലയത്തില്‍ നിന്നും അടുക്കളയിലേക്ക്
ഹിമാലയത്തിലെ ഉപ്പ് പാറകളില്‍ നിന്നും പൊട്ടിച്ചെടുത്ത് വൃത്തിയാക്കി പൊടി രൂപത്തിലും പരല്‍ രൂപത്തിയുമായി വിപണിയിലെത്തുന്ന ഈ ഉപ്പിന് വില അല്‍പ്പം കൂടുതലാണ്.
കാല നമക് എന്ന് ഉത്തരേന്ത്യക്കാര്‍ പേര് പറയുമെങ്കിലും നിറം പിങ്ക് തന്നെയാണ്. ഹിമാലയത്തിലെ ഉപ്പ് പാറകളില്‍ നിന്നും പൊട്ടിച്ചെടുത്ത് വൃത്തിയാക്കി പൊടി രൂപത്തിലും പരല്‍ രൂപത്തിയുമായി വിപണിയിലെത്തുന്ന ഈ ഉപ്പിന് വില അല്‍പ്പം കൂടുതലാണ്. കിലോക്ക് 200 രൂപയോളം വിലയുണ്ട് ഇതിന്. പിങ്ക് ഹിമാലയന്‍ ഉപ്പ് രാസപരമായി സാധാരണ ഉപ്പിന് സമാനമാണ്. ഇതില്‍ 98 ശതമാനം വരെ സോഡിയം ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. ബാക്കി പൊട്ടാസ്യം, മഗ്‌നീഷ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിരിക്കുന്നു. ഇവ ഉപ്പിന് ഇളം പിങ്ക് നിറം നല്‍കുന്നു.
ഈ ധാതുക്കളുടെ സാനിധ്യം കാരണം പിങ്ക് ഉപ്പിന് ഔഷധഗുണം ലഭിക്കുന്നുണ്ട്. ലഭ്യമായ ഏറ്റവും ശുദ്ധമായ ലവണങ്ങളിലൊന്നായിട്ടാണ് പിങ്ക് ഹിമാലയന്‍ ഉപ്പിനെ ചിലര്‍ വിശേഷിപ്പിക്കുന്നത്, ഇത് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്നും അവകാശവാദങ്ങളുണ്ട്. എന്നാല്‍ രാസപരമായി പിങ്ക് ഉപ്പിന്റെ 98 ശതമാനവും സാധാരണ ഉപ്പിനെപ്പോലെ തന്നെയാണ്. ബാക്കിയുള്ള 2 ശതമാനത്തില്‍ മാത്രമാണ് വ്യത്യാസം. അതേ സമയം സാധാരണ ഉപ്പ് കടല്‍ജലത്തില്‍ നിന്നും വേര്‍തിരിച്ച് തയ്യാറാക്കുമ്പോള്‍ ഹിമാലയന്‍ ഉപ്പ് പാറകളില്‍ നിന്നും പൊട്ടിച്ച് എടുക്കുകയാണ് എന്ന പ്രത്യേകത കൂടിയുണ്ട്.