പ്ലസ് വണ്‍, ബിരുദ പ്രവേശനം: മന്ത്രി ആര്‍ ബിന്ദുവിനു നേരെ എംഎസ്എഫിന്റെ കരിങ്കൊടി പ്രതിഷേധം
കണ്ണൂര്‍: പ്ലസ് വണ്‍, ബിരുദ പ്രവേശനത്തില്‍ മലബാറിനോടും കണ്ണൂര്‍ ജില്ലയോടുമുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരേ എംഎസ്എഫിന്റെ കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാലയില്‍ പരിപാടിക്കെത്തിയ ഉന്നത മന്ത്രി ആര്‍ ബിന്ദു കവാടത്തില്‍ എത്തിയപ്പോഴാണ് കരിങ്കൊടി ഉയര്‍ത്തിയത്. പ്രതിഷേധക്കാരെ ഉടന്‍ തന്നെ പോലിസ് സംഘം അറസ്റ്റ് ചെയ്തുനീക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളും വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയങ്ങളും, പ്ലസ് വണ്‍ വിഷയത്തില്‍ മലബാറിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചുമാണ് കരിങ്കൊടി കാണിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറി ഒ കെ ജാസിര്‍, ജില്ലാ ഭാരവാഹികളായ തസ്‌ലീം അടിപ്പാലം, എം കെ സുഹൈല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നേതാക്കളെ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി, പ്രസിഡന്റ് കെ പി താഹിര്‍, എം പി മുഹമ്മദലി, എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ്, ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തീല്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.