പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം വൈകീട്ട് മൂന്നിന്
ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും
തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. കൊവിഡ് വ്യാപനത്തിനിടയിലാണ് എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുകയും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുകയും ചെയ്തത്. എസ്എസ്എല്‍സി പരീക്ഷയിലേത് പോലെ തെരഞ്ഞെടുത്ത പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടായിരുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് കഴിഞ്ഞ അധ്യയന വര്‍ഷം നടന്നത്. ജൂലൈ 15നാണ് പ്രായോഗിക പരീക്ഷകള്‍ അവസാനിച്ചത്. എസ്എസ്എല്‍സി പരീക്ഷ ഫലത്തെ പോലെ ഈ വര്‍ഷം പ്ലസ്ടുവിനും വിജയ ശതമാനം കൂടാനാണ് സാധ്യത. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in എന്നീ സൈറ്റുകളിലും സഫലം എന്ന ആപ്പിലും ഫലം പ്രസിദ്ധീകരിക്കും. ഇത്തവണ 4,46,471 വിദ്യാര്‍ത്ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്. ഇതില്‍ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്.