ഷാഹീന്‍ ബാഗില്‍ നിന്ന് ഒഴിയണം; പ്രക്ഷോഭകര്‍ക്ക് വീണ്ടും പോലിസിന്റെ നോട്ടീസ്
കടുത്ത ശൈത്യം പോലും അവഗണിച്ച് നൂറുകണക്കിന് വീട്ടമ്മമാരും കുട്ടികളുമുള്‍പ്പെടെയുള്ളവരാണ് ഷാഹീന്‍ബാഗില്‍ ഒരു മാസത്തിലേറെയായി പ്രതിഷേധിക്കുന്നത്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഒരു മാസത്തിലേറെയായി റോഡ് ഉപരോധിക്കുന്ന ഷാഹീന്‍ ബാഗ് പ്രക്ഷോഭകര്‍ക്ക് വീണ്ടും പോലിസിന്റെ നോട്ടീസ്. കുട്ടികള്‍ക്ക് സ്‌കൂളിലും ട്യൂഷന്‍ സെന്ററിലും കോച്ചിങേ സെന്ററുകളിലും പോവാന്‍ കഴിയുന്നില്ലെന്നും റോഡ് ഉപരോധത്തില്‍ നിന്നു പിന്‍മാറണമെന്നുമാണ് പോലിസിന്റെ ആവശ്യം. ഞങ്ങള്‍ നേരത്തേ അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒരിക്കല്‍ കൂടി ആവശ്യപ്പെടുകയാണ്. റോഡ് നമ്പര്‍ 13എ തടസ്സപ്പെടുത്തിയതു കാരണം നിരവധി പരാതികളാണു ലഭിക്കുന്നത്. പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളിലോ കോച്ചിങ് സെന്ററുകളിലോ ട്യൂഷന്‍ ക്ലാസുകള്‍ക്കോ പോവാന്‍ കഴിയാത്തതിനാല്‍ വലിയ പ്രശ്‌നം നേരിടുകയാണെന്നും ഡല്‍ഹി പോലിസ് ട്വിറ്ററിലൂടെ അറിയിച്ചു. കുട്ടികളുടെ രക്ഷിതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്. വിദ്യാര്‍ഥികളുടെ ബോര്‍ഡ് പരീക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ്. ദിനംപ്രതി യാത്ര ചെയ്യുന്നവര്‍, പ്രദേശവാസികള്‍, വ്യാപാരികള്‍ എന്നിവരും കടുത്ത ഗതാഗതപ്രശ്‌നം നേരിടുകയാണ്. റോഡ് ഉപരോധം നിര്‍ത്താനും ഗതാഗതം പുനസ്ഥാപിക്കാനും ഞങ്ങള്‍ വീണ്ടും പ്രതിഷേധക്കാരോട് അഭ്യര്‍ഥിക്കുകയാണെന്നും ഡല്‍ഹി പോലിസ് മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി.
കടുത്ത ശൈത്യം പോലും അവഗണിച്ച് നൂറുകണക്കിന് വീട്ടമ്മമാരും കുട്ടികളുമുള്‍പ്പെടെയുള്ളവരാണ് ഷാഹീന്‍ബാഗില്‍ ഒരു മാസത്തിലേറെയായി പ്രതിഷേധിക്കുന്നത്. ദക്ഷിണ ഡല്‍ഹിയെയും നോയ്ഡയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡില്‍ നടക്കുന്ന പ്രതിഷേധം കാരണം ഡല്‍ഹിയില്‍നിന്നു നോയ്ഡയിലേക്കുള്ള വിമാനയാത്രക്കാരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. പ്രക്ഷോഭകരെ ബലംപ്രയോഗിക്കാതെ ഒഴിപ്പിക്കണമെന്ന് കഴിഞ്ഞ ആഴ്ച ഡല്‍ഹി ഹൈക്കോടതി പോലിസിനു നിര്‍ദേശം നല്‍കിയിരുന്നു.