കെ ആർ ഇന്ദിരക്കെതിരേ പരാതി നൽകിയ പൊതുപ്രവർത്തകനെ പോലിസ് വേട്ടയാടുന്നു
ഇംഫാൽ ടാക്കീസിൻറെ പരിപാടി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ചത് ആരാണ്?. മാവോവാദി ചിന്തകൻ കെ മുരളിക്ക് എറണാകുളത്ത് സ്വീകരണം നൽകുന്നത് ആരാണെന്നൊക്കെയാണ് അവർക്കറിയേണ്ടത്
തൃശൂർ: മുസ്‌ലിംകളെ വംശീയ കൂട്ടക്കൊലക്ക് ഇരയാക്കണമെന്ന തരത്തില്‍ ഫേസ്ബുക്കില്‍ വര്‍ഗീയ പോസ്റ്റിട്ട ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ ആര്‍ ഇന്ദിരക്കെതിരേ പരാതി നല്‍കിയ പൊതുപ്രവർത്തകനെ പോലിസ് വേട്ടയാടുന്നു. പരാതി നൽകിയതിന് പിന്നാലെ കൊടുങ്ങല്ലൂർ മീഡിയ ഡയലോഗ് സെൻറർ പ്രവർത്തകൻ വിപിൻ ദാസിനെ പോലിസ് രഹസ്യാന്വേഷണ വിഭാഗം വിടാതെ പിന്തുടരുന്നത്.
വിപിൻ ദാസ് പറയുന്നതിങ്ങനെ......
" ഞാൻ ജീവിതത്തിൽ ആദ്യമായാണ് പോലിസിൽ ഒരു പരാതി നൽകുന്നത്. എൻറെ പൊളിറ്റിക്കൽ ഐഡൻറിറ്റി എന്താണെന്നാണ് അവർ ചികയുന്നത്. മിനിഞ്ഞാന്നും ഇന്നലെയുമായി സ്പെഷ്യൽ ബ്രാഞ്ച് പോലിസ് ആണെന്ന് പറഞ്ഞാണ് വിളിക്കുന്നത്. ഒരാൾ മാത്രമല്ല വിളിക്കുന്നത്. ഇംഫാൽ ടാക്കീസിൻറെ പരിപാടി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ചത് ആരാണ്?. മാവോവാദി ചിന്തകൻ കെ മുരളിക്ക് എറണാകുളത്ത് സ്വീകരണം നൽകുന്നത് ആരാണെന്നൊക്കെയാണ് അവർക്കറിയേണ്ടത്. കറുത്തവനാണെന്ന തരത്തിൽ തന്നെയാണ് പോലിസ് ചോദ്യങ്ങൾ ആരാഞ്ഞത്. ഇടതുപക്ഷം ഭരിക്കുന്ന നാട്ടിലും ഹിന്ദുത്വ വാദികൾക്കെതിരേ നീങ്ങിയാൽ ഇതായിരിക്കും അവസ്ഥയെന്നാണ് എന്നെ ചിന്തിപ്പിക്കുന്നത്."
കെ ആർ ഇന്ദിരയുടെ വംശീയ വിദ്വേഷത്തിനെതിരേ സാംസ്കാരിക പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. ആകാശവാണി പോലുള്ള പൊതുമേഖലാ മാധ്യമത്തിൽ തുടരാൻ അവർക്ക് യാതൊരു അർഹതയുമില്ല. ആ, പദവിയിൽ നിന്ന് അവരെ പുറത്താക്കുകയും അവർക്കെതിരേ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നുമാണ് സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെട്ടത്. പ്രതിഷേധങ്ങൾ പലകോണുകളിൽ നിന്ന് വ്യാപകമായതോടെ പരാതിയിന്മേൽ പോലിസ് കേസെടുക്കുകയായിരുന്നു.
അസമില്‍ ലക്ഷക്കണക്കിന് മനുഷ്യരെ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കുന്നതിനെ അനുകൂലിച്ചു പോസ്റ്റ് ചെയ്ത ഫേസ്‌ബുക്ക് കുറിപ്പിലാണ് ഇന്ദിര മുസ്‌ലിംകളെ വംശീയമായി അവഹേളിച്ചത്. താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു ഇന്ദിരയുടെ പോസ്റ്റ്. പരാതിയെ തുടർന്ന് പോലിസ് കേസെടുത്തെങ്കിലും പരാതിക്കാരനെയാണ് പോലിസ് വേട്ടയാടുന്നത്. അതേസമയം പോസ്റ്റുകൾ എല്ലാം നീക്കം ചെയ്ത് വ്യാജ പ്രചാരണമാണ് തനിക്കെതിരേ നടക്കുന്നതെന്ന വാദമാണ് കെ ആർ ഇന്ദിര ഇപ്പോൾ ഉയർത്തുന്നത്.