'പോലിസ് ഓണ്‍ ഗവ. ഡ്യൂട്ടി വാഹനത്തില്‍' സഞ്ചരിച്ച കവര്‍ച്ചക്കേസ് പ്രതി പിടിയില്‍
കല്‍പ്പറ്റ: സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി മോഷണക്കേസുകളില്‍ പ്രതിയായയാളെ 'പോലിസ് ഓണ്‍ ഗവ. ഡ്യൂട്ടി' എന്ന സ്റ്റിക്കര്‍ പതിച്ച കണ്ടെയ്‌നര്‍ ലോറിയില്‍ സഞ്ചരിക്കുന്നതിനിടെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. കാസര്‍കോഡ് ചെറുവത്തൂര്‍ സ്വദേശി സിദ്ദിഖിനെയാണ് കല്‍പ്പറ്റ ജെ എസ് പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ വിനായക റസിഡന്‍ഷ്യല്‍ കോളനിയിലെ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് നടപടി. 2019 ലാണ് കേസിനാസ്പദമായ സംഭവം. കല്‍പ്പറ്റയിലെ ബാങ്ക് മാനേജരുടെ വീട്ടില്‍ നടത്തിയ മോഷണക്കേസില്‍ കൂട്ടുപ്രതിയായ മേട്ടുപാളയം സ്വദേശി ശ്രീനിവാസനെ മൂന്നു മാസം മുമ്പ് പോലിസ് പിടികൂടിയിരുന്നെങ്കിലും സിദ്ദീഖിനെ കണ്ടെത്തിയിരുന്നില്ല. ഇയാള്‍ ഡല്‍ഹിയിലേക്ക് കണ്ടെയ്‌നര്‍ ലോറിയില്‍ സഞ്ചരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിരിച്ചുവരുമ്പോള്‍ കോഴിക്കോട് നിന്ന് പിടികൂടിയത്.
വയനാട് എസ്.പി ഡോ. അരവിന്ദ് സുകുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസക്കാലമായി ഇയാള്‍ക്ക് വേണ്ടി കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തുകയായിരുന്നു. പ്രതിയെ പിടികൂടിയതോടെ കേരളത്തിലെ നിരവധി മോഷണ കേസുകള്‍ക്ക് തുമ്പ് ലഭിച്ചതായും പോലിസ് പറയുന്നു. കേരളത്തില്‍ തന്നെ ഇയാള്‍ക്കെതിരേ 30ഓളം മോഷണക്കേസുകളുണ്ട്. ചെറുവത്തൂര്‍, പയ്യന്നൂര്‍, തലശ്ശേരി, മാഹി, പയ്യോളി, കൊയിലാണ്ടി, കോഴിക്കോട്, വേങ്ങര, പാലക്കാട് നോര്‍ത്ത്, മങ്കര, വാളയാര്‍, ചിറ്റൂര്‍, ശ്രീകൃഷണപുരം, തൃശൂര്‍, കല്‍പ്പറ്റ, കമ്പളക്കാട്, തുടങ്ങി നിരവധി സ്‌റ്റേഷനുകളിലും കേരളത്തിനു പുറമെ തമിഴ്‌നാട്, മെട്ടുപാളയം തുടങ്ങിയ സ്ഥലങ്ങളിലും കേസ് നിലവിലുണ്ട്. നിരവധി കേസുകളിലെ വാറണ്ട് പ്രതിയാണ്. കല്‍പ്പറ്റ സിഐ പി പ്രമോദ്, പ്രത്യേകാന്വേഷണ സംഘങ്ങളായ എസ് ഐ ജയചന്ദ്രന്‍, പോലിസ് ഉദ്യോഗസ്ഥരായ ടി പി അബ്ദുര്‍റഹ്്മാന്‍, ഷാലു ഫ്രാന്‍സിസ്, കെ കെ വിപിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Police arrested in robbery case accused in Kozhikode