പിണറായി കൊലയാളി പാര്‍ട്ടിയുടെ നേതാവെന്ന് പോസ്റ്റിട്ട പ്രവാസിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്
പോലിസ് നടപടിക്കെതിരെ ആര്‍എംപി നേതാക്കളായ എന്‍ വേണുവും കെ കെ രമയും രംഗത്തു വന്നു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത രാജവാഴ്ചയും ഏകാധിപത്യവുമാണ് മുഖ്യമന്ത്രിയും പോലിസും നടപ്പിലാക്കുന്നതെന്ന് ആര്‍എംപി നേതാക്കള്‍ ആരോപിച്ചു.
പിസി അബ്ദുല്ല
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊലയാളി പാര്‍ട്ടിയുടെ നേതാവാണെന്നതടക്കമുള്ള ആക്ഷേപങ്ങള്‍ ഉന്നയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്. വടകര കരിമ്പനപാലം സ്വദേശിയും ആര്‍എംപി അനുഭാവിയും പ്രവാസിയുമായ ബിബിത്ത് കോഴിക്കളത്തിലിനെതിരെയാണ് വടകര പോലിസ് കേസെടുത്തത്.
സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍, അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുക തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്. സിപിഎം പ്രവര്‍ത്തകനും വി എസ് സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസകിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്നു ബിബിത്. ടി പി ചന്ദ്രശേഖരന്റെ വധത്തോടെ സിപിഎമ്മുമായി അകന്നു. ഇപ്പോള്‍ ഗള്‍ഫിലാണ്.
പോലിസ് നടപടിക്കെതിരെ ആര്‍എംപി നേതാക്കളായ എന്‍ വേണുവും കെ കെ രമയും രംഗത്തു വന്നു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത രാജവാഴ്ചയും ഏകാധിപത്യവുമാണ് മുഖ്യമന്ത്രിയും പോലിസും നടപ്പിലാക്കുന്നതെന്ന് ആര്‍എംപി നേതാക്കള്‍ ആരോപിച്ചു.
കൊലയാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയുടെ നേതാവാണ് പിണറായിയെന്നാണ് ബിബിത് ഫേസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
'കേരളത്തില്‍ പാര്‍ട്ടി രൂപീകൃതമായ സ്ഥലത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്ത സിപിഎമ്മിന്റെ സെക്രട്ടറിയായയാളും ഇപ്പോഴത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയും ആയ വിജയന്‍ ആരാണ്?. രാഷ്ട്രീയം പറഞ്ഞു പുറത്തുപോയവനെ, ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയെ മൂലധന രാഷ്ട്രീയത്തിന്റെ കങ്കാണിപ്പുരകളില്‍ ഗൂഢാലോചന നടത്തി മെട്രോ പൊളിറ്റന്‍ അധോലോക സംഘത്തെ ഓര്‍മിപ്പിക്കുമാറു ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് കൊലപാതകം നടത്തുകയും കൊലക്കുപയോഗിച്ച വാഹനത്തില്‍ മതചിഹ്നം ചേര്‍ത്ത് നാട്ടില്‍ വര്‍ഗീയ കലാപത്തിന് ശ്രമം നടത്തുകയുംചെയ്ത പാര്‍ട്ടിയുടെ അന്നത്തെ സെക്രട്ടറിയാണ് ഈ വിജയന്‍.
കൊലപാതകത്തിനുമുന്‍പും ശേഷവും കൊലചെയ്യപ്പെട്ട വ്യക്തിയെ അധിക്ഷേപിക്കാന്‍ അയാള്‍ ഉപയോഗിച്ച വാക്ക് 'കുലംകുത്തി' എന്ന അത്യന്തം ഗോത്രീയമായ പദം തന്നെയാണ്. ഇതെങ്ങനെയാണ് ഒരു 'കമ്യൂണിസ്റ്റി'ന് പറയാന്‍ കഴിയുന്നത്?.
കേരള രാഷ്ട്രീയത്തില്‍ നെറികെട്ട വാക്കുകളുപയോഗിച്ച ഒരേയൊരു വ്യക്തി വിജയനല്ലാതെ മറ്റാരുമല്ല. ടിപിയുടെ കൊലയാളിസംഘത്തെ ഇപ്പോഴും സംരക്ഷിക്കുന്നത് വിജയന്റെ പാര്‍ട്ടിയാണ്. ആ കൊലയാളികളുടെ ക്ഷേമം അന്വേഷിക്കാന്‍ പോയ വ്യക്തിയാണ് ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന്‍..'. തുടങ്ങിയ പരാമര്‍ശങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.
ചായക്കടക്കാരന്റെ മകനോ ചെത്തുകാരന്റെ മകനോ എന്നതല്ല ഇവിടെ വിഷയം. നിങ്ങള്‍ എന്തു നയമാണ് നടപ്പിലാക്കുന്നത് എന്നതാണ്.
നിങ്ങള്‍ നടപ്പിലാക്കുന്ന നയം ആരുടെ വര്‍ഗതാത്പര്യമാണ് സംരക്ഷിക്കുന്നത് എന്നും ബിബിത് ചോദിക്കുന്നുണ്ട്.
'ഇക്കഴിഞ്ഞ ആറുമാസംമുമ്പ് തന്നെയാണ് ചായക്കടക്കാരന്റേയും ഇറ്റലിക്കാരിയുടേയും ചെത്തുകാരന്റെയും പാര്‍ട്ടികള്‍ ഒന്നടങ്കം സവര്‍ണ സംവരണ ബില്ലിന് അനുകൂലമായി വോട്ടുചെയ്തത്. ഇവര്‍ തന്നെയാണ് കണ്ണൂര്‍ മെഡിക്കല്‍കോളജിലെ സവര്‍ണ സംവരണത്തിനുവേണ്ടി ഒന്നിച്ചു നിന്നു കേരളാ നിയമസഭയില്‍ ബില്ല് പാസ്സാക്കിയതെന്നും പോസ്റ്റില്‍ പറയുന്നു.
നെറികെട്ട വാക്കുകള്‍ ഉപയോഗിക്കാറുള്ള നേതാവ് തന്നെയാണ് പിണറായി വിജയനെന്ന് ബിബിതിനെതിരായ പോലിസ് കേസിനെ പരാമര്‍ശിച്ച് കെകെ രമ പറഞ്ഞു.
അധിക്ഷേപ പദങ്ങളുടെ പേരില്‍ ആരാധകര്‍ ഇരപരിവേഷം ചാര്‍ത്താന്‍ ശ്രമിക്കുന്ന പിണറായി ചന്ദ്രശേഖരനെ ജീവിച്ചിരിക്കുമ്പോഴും കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാളും 'കുലംകുത്തി' എന്നു തന്നെയാണ് വിളിച്ചതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ രമ ഓര്‍മിപ്പിച്ചു.
വിമര്‍ശകരുടെ നാവരിഞ്ഞ് മുഖ്യമന്ത്രിയുടെ ജന വിരുദ്ധതയെ പ്രതിരോധിക്കാമെന്നത് വ്യാമോഹമാണെന്ന് ആര്‍എംപി നേതാവ് കെ വേണു പറഞ്ഞു. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചാല്‍ അഴിയെണ്ണണ്ടി വരുമെന്ന ഫാഷിസ്റ്റ് നയം കേരളത്തില്‍ വ്യാപകമായി നടപ്പിലാക്കി കൊണ്ടിരിക്കുയാണെന്നും വേണു ആരോപിച്ചു.