ഇമാമിനെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി സിഐ അധിക്ഷേപിച്ചതായി പരാതി
കാരിക്കോട് ജങ്ഷന് സമീപം തന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് തൊടുപുഴ സിഐ പോലിസ് വാഹനം ഓവര്‍ടേക്ക് ചെയ്ത് സിനിമാ സ്റ്റൈലില്‍ തടഞ്ഞിടുകയും ജനമധ്യത്തില്‍ അവഹേളിക്കുകയും ചെയ്‌തെന്നാണ് പരാതി.
തൊടുപുഴ: ബന്ധുവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കാറില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പുറപ്പെട്ട കുടയത്തൂര്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ചീഫ് ഇമാം ഹാഫിസ് മുഷ്താഖ് മൗലവി അല്‍ഖാസിമിയെ തൊടുപുഴ സിഐ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി അധിക്ഷേപിച്ചതായി പരാതി. കാരിക്കോട് ജങ്ഷന് സമീപം തന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് തൊടുപുഴ സിഐ പോലിസ് വാഹനം ഓവര്‍ടേക്ക് ചെയ്ത് സിനിമാ സ്റ്റൈലില്‍ തടഞ്ഞിടുകയും ജനമധ്യത്തില്‍ അവഹേളിക്കുകയും ചെയ്‌തെന്നാണ് പരാതി.
വാഹന പരിശോധന നടത്തി മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി. ബന്ധുവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോകുകയാണെന്നു പറഞ്ഞെങ്കിലും വാഹനം ഉള്‍പ്പെടെ സ്‌റ്റേഷനില്‍ എത്തിച്ച് തടഞ്ഞുവെച്ചു. ബന്ധുക്കള്‍ എത്തിയ ശേഷമാണ് രണ്ട് ആളുടെ ജാമ്യത്തില്‍ വിട്ടയച്ചത്. സി.ഐയുടെ കൈയേറ്റ ശ്രമത്തിന് എതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കിയതായും ഇമാം മുഷ്താഖ് മൗലവി അറിയിച്ചു. ഇമാമിനെതിരായ പോലിസ് നടപടിയില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ഇടുക്കി ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
ജില്ല പ്രസിഡന്റ് അബ്ദുല്‍ റസാഖ് മൗലവി, സി.കെ. ഹസൈനാര്‍ കൗസരി, കെ.എ. അഷ്‌റഫ് അല്‍ ഖാസിമി എന്നിവര്‍ സംസാരിച്ചു. എന്നാല്‍, പൊലീസ് വാഹനത്തിന് വഴി നല്‍കാത്തതും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതും ചോദ്യം ചെയ്യുകയാണുണ്ടായതെന്ന് തൊടുപുഴ സി.ഐ സുധീര്‍ മനോഹര്‍ പറഞ്ഞു.