റിയാസ് മൗലവി വധം: ജനകീയ കണ്‍വന്‍ഷന് അനുമതി നിഷേധിച്ച് പോലിസ്

ക്രമസമാധാന പ്രശ്‌നം ഉടലെടുക്കുമെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോഡ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം.

Update: 2024-04-18 12:52 GMT

കാസര്‍കോഡ്: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പള്ളിയില്‍ക്കയറി തലയറുത്ത് കൊലപ്പെടുത്തിയ റിയാസ് മൗലവി കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സംഭവത്തില്‍ നടത്താനിരുന്ന ജനകീയ കണ്‍വന്‍ഷന് പോലിസ് അനുമതി നിഷേധിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലിന് കാസര്‍കോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കോഓഡിനേഷന്‍ കമ്മിറ്റി നടത്താനിരുന്ന കണ്‍വന്‍ഷനാണ് പോലിസ് അനുമതി നിഷേധിച്ചത്. റിയാസ് മൗലവിയുടെ കോടതിവിധിയും നീതിയും എന്ന വിഷയത്തിലാണ് കണ്‍വന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ക്രമസമാധാന പ്രശ്‌നം ഉടലെടുക്കുമെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോഡ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോഓഡിനേഷന്‍ കമ്മിറ്റിക്ക് കാസര്‍കോഡ് നഗരസഭഫാ സെക്രട്ടറി കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. നേരത്തേ, പരിപാടിക്കു വേണ്ടി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വാടക നല്‍കി ബുക്ക് ചെയ്തിരുന്നു. പോലിസ് അനുമതി നിഷേധിച്ചതിനാല്‍ ഒടുക്കിയ തുക റീഫണ്ട് ചെയ്യുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ സംഘടനാ നേതാക്കളുമായ പി എ പൗരന്‍, അഡ്വ. അമീന്‍ ഹസന്‍, അഡ്വ. ടി വി രാജേന്ദ്രന്‍, അഡ്വ. മുഹമ്മദ് റഫീഖ്, സിദ്ദീഖ് നദ് വി ചേരൂര്‍(സമസ്ത), കാട്ടിപ്പാറ അബ്ദുല്‍ഖാദര്‍ സഖാഫി(എസ് വൈഎസ്), സി ടി സുഹൈബ്(സോളിഡാരിറ്റി), അബൂബക്കര്‍ സിദ്ദീഖ് മാക്കോട്(കെഎന്‍എം മര്‍കസുദ്ദഅ്‌വ), അനീസ് മദനി കൊമ്പനടുക്കം(വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍), ഹാരിസ് മസ്താന്‍(കേരള നദ് വത്തുല്‍ മുജാഹിദീന്‍), സഹദ് മൗലവി(ഖത്തീബ്, അന്‍സാര്‍ മസ്ജിദ്), ഷാഫി ഉസ്താദ് വിദ്യാനഗര്‍, അബ്ദുര്‍റസാഖ് അബ്‌റാറി(ഖത്തീബ്, മുബാറക്ക് മസ്ജിദ് കമ്മിറ്റി) തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നതായി അറിയിച്ചിരുന്നത്.

    അതേസമയം, റിയാസ് മൗലവിക്ക് നീതി ചോദിക്കുന്നതിന് സര്‍ക്കാര്‍ ഭയക്കുന്നതാരെയാണെന്ന് സോളിഡാരിറ്റി നേതാവ് സി ടി സുഹൈബ് ഫേസ്ബുക്കില്‍ ചോദിച്ചു. റിയാസ് മൗലവി വധക്കേസില്‍ സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്നത് പരമാവധി ചെയ്തു എന്നാണല്ലോ പറയുന്നത്. എന്നാല്‍ കോഡിനേഷന്‍ കമ്മിറ്റി കാസര്‍കോട് വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ച ജനകീയ കണ്‍വെന്‍ഷന്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കും എന്ന് പറഞ്ഞ് പിണറായിയുടെ പോലിസ് തടഞ്ഞിരിക്കുന്നു. കൊല്ലപ്പെട്ടയാള്‍ക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, നീതി ചോദിക്കുന്നതുപോലും അപരമാധമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News