കോഴിക്കോട് സംഗീത പരിപാടിക്ക് അനുമതി ഇല്ലായിരുന്നെന്ന് പോലിസ്; ഉണ്ടെന്ന് സംഘാടകരും കോര്‍പറേഷന്‍ അധികൃതരും
കോഴിക്കോട്: കോഴിക്കോട് സംഗീത പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് പോലിസ്. കാര്‍ണിവലിന്റെ ഭാഗമായി സ്റ്റാളുകള്‍ നടത്താനുള്ള അനുമതി മാത്രമാണ് നല്‍കിയിരുന്നതെന്നും സംഗീത പരിപാടിക്കുള്ള അനുമതി നല്‍കിയിട്ടില്ലെന്നും പോലിസ് വിശദീകരിക്കുന്നു. കോഴിക്കോട് ജെ ഡി ടി കോളജ് പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ ഇന്നലെ സംഘര്‍ഷം ഉണ്ടായിരുന്നു. പോലിസ് പല തവണ ലാത്തി വീശിയാണ് ആളുകളെ ഓടിച്ചത്. സംഘര്‍ഷത്തില്‍ പോലിസുകാര്‍ക്കുള്‍പ്പെടെ പരിക്കേറ്റിരുന്നു. അതേസമയം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സംഗീത പരിപാടിക്ക് അനുമതി നല്‍കിയതെന്ന് കോര്‍പറേഷന്‍ ഡൈപ്യൂട്ടി മേയര്‍ പ്രതികരിച്ചു.
കോഴിക്കോട് സംഗീത പരിപാടിക്കിടെ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍ ആയിട്ടുണ്ട്. മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത് . പോലിസിനെ ആക്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. പോലിസിനെ ആക്രമിച്ചതിനു കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരിപാടിയുടെ സംഘടകരായ കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയര്‍ അധികൃതര്‍ക്കെതിരെയും പോലിസ് കേസെടുത്തു. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്.
കിടപ്പ് രോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങി നല്‍കുന്നതിനായാണ് കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയര്‍ മൂന്ന് ദിവസത്തെ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. ഇതിന്റെ സമാപന ദിവസമായ ഇന്നലെ സംഗീത പരിപാടിയും സംഘടിപ്പിച്ചു. ടിക്കറ്റ് വച്ചുള്ള പരിപാടിക്കായി വൈകിട്ടോടെ തന്നെ നൂറുകണക്കിനാളുകള്‍ ബീച്ചിലെത്തി. തിരക്ക് കൂടിയതോടെ സംഘാടകര്‍ ടിക്കറ്റ് വില്‍പന നിര്‍ത്തി വച്ചു. ഇതില്‍ പ്രകോപിതരായ ഒരു സംഘം വാക്ക് തര്‍ക്കം ഉണ്ടാക്കുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ആയിരുന്നു.
സംഘര്‍ഷം രൂക്ഷമായതോടെ പോലിസ് എത്തി സംഗീത പരിപാടി നിര്‍ത്തി വയ്പ്പിച്ചു. പിന്നീട് പലതവണ ലാത്തി വീശിയാണ് പ്രശ്‌നക്കാരെ അവിടെ നിന്ന് മാറ്റിയത്. ഇതിനിടെ പോലിസിനു നേരെ കല്ലേറുണ്ടായി. കുപ്പിയില്‍ മണല്‍ നിറച്ച് പോലിസിന് നേരെ എറിഞ്ഞു. തുടര്‍ന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേര്‍ സ്ഥലത്തെത്തി .