പൗരത്വ ഭേദഗതി നിയമം: മദ്രാസ് സർവകലാശാലയിൽ വിദ്യാർഥികൾ അനിശ്ചിതകാല സമരത്തിൽ
രാത്രി വൈകിയും സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. പറ ഉൾപ്പടെയുള്ള വാദ്യങ്ങളും നിരവധി പോസ്റ്ററുകളുമായി സർവകലാശാലയുടെ അകത്ത് വിദ്യാർത്ഥികൾ തമ്പടിച്ചിട്ടുണ്ട്.
ചെന്നൈ: പൗരത്വ നിയമ ഭേദഗതി പിൻവലിക്കും വരെ മദ്രാസ് സർവകലാശാലയിൽ വിദ്യാർഥികൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. സമരം അവസാനിപ്പിച്ച് വിദ്യാർഥികൾ ഹോസ്റ്റൽ വിട്ടുപോകണമെന്ന് രജിസ്ട്രാർ ഉത്തരവിട്ടെങ്കിലും വിദ്യാർഥികൾ ഇതിന് തയ്യാറായില്ല. ഇതോടെ സർവകലാശാല അടച്ചിടാൻ തീരുമാനിച്ചു. ഇത് മറികടന്നും സർവകലാശാലയുടെ ഉള്ളിൽ കനത്ത പ്രതിഷേധസമരം തുടരുകയാണ്.
രാത്രി വൈകിയും സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. പറ ഉൾപ്പടെയുള്ള വാദ്യങ്ങളും നിരവധി പോസ്റ്ററുകളുമായി സർവകലാശാലയുടെ അകത്ത് വിദ്യാർത്ഥികൾ തമ്പടിച്ചിട്ടുണ്ട്. പോലിസെത്തിയാലും സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥി സമരസമിതി അറിയിച്ചു. നിലവിൽ സർവകലാശാലയുടെ പുറത്ത് വൻ പോലിസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
ഇന്ന് ക്ലാസുകൾ ബഹിഷ്കരിച്ചാണ് മദ്രാസ് സർവകലാശാലയിൽ സമരം തുടങ്ങിയത്. പൗരത്വ നിയമഭേദഗതിക്ക് എതിരേ പ്രതിഷേധിച്ച ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് പിന്തുണയർപ്പിച്ചായിരുന്നു സമരം. മദ്രാസ് ഐഐടിയിലും പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധം ശക്തമാണ്. തിങ്കളാഴ്ച ഗജേന്ദ്ര സർക്കിളിനകത്ത് നിന്ന് തുടങ്ങിയ സമരം ഇപ്പോഴും തുടരുന്നു. പൗരത്വ നിയമഭേദഗതി പിൻവലിക്കും വരെ സമരത്തിൽ നിന്ന് പിൻമാറാൻ തയ്യാറല്ലെന്നും ഐഐടി വിദ്യാർഥികൾ വ്യക്തമാക്കി.
പോണ്ടിച്ചേരി സർവകലാശാലയിലും സമരം സജീവമാണ്. ഇന്ന് ക്ലാസുകൾ ബഹിഷ്കരിച്ചാണ് പോണ്ടിച്ചേരി സർവകലാശാലയും ജാമിയയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങൾക്കിടെ തമിഴ്‍നാട് സെൻട്രൽ യൂനിവേഴ്സിറ്റി അടച്ചിട്ടു. തമിഴ്നാട്ടിലെമ്പാടും വൻ പ്രതിഷേധ പ്രകടനങ്ങളാണ് പ്രതിപക്ഷ പാർട്ടിയായ ഡിഎംകെ സംഘടിപ്പിച്ചത്. മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപിയുടെ ശ്രമം എന്ന് ആരോപിച്ചാണ് ഡിഎംകെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.