വര്‍ഗീയത പരത്തുന്ന പോലിസുകാരനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടണം: എന്‍സിഎച്ച്ആര്‍ഒ
പാലക്കാട്: നിയമം കാറ്റില്‍പരത്തി വര്‍ഗീയ പോസ്റ്റിട്ടു കൊണ്ടിരിക്കുന്ന പാലക്കാട് ജില്ലയിലെ ഹേമാംബിക സ്‌റ്റേഷനിലെ പോലിസുകാരനായ രവി ദാസിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിടാന്‍ ആവശ്യമായ നിയമ നടപടി കൈക്കൊള്ളണമെന്ന് ദേശീയമനുഷ്യാവകാശ ഏകോപനസമിതി(എന്‍സിഎച്ച്ആര്‍ഒ) പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആനുകാലിക വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍, പോലിസ് ചട്ടം പാലിക്കാതെയുള്ള നിരുത്തരവാദപരമായ രീതിയാണ് ഇയാള്‍ കൈകൊണ്ടിട്ടുള്ളത്. കൊറോണ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേയാണെങ്കില്‍, കര്‍ണാടക സര്‍ക്കാര്‍ കേരള അതിര്‍ത്തി നിയമവിരുദ്ധമായി അടച്ചതിനെയും ന്യായീകരിച്ചാണ് പോസ്റ്റിട്ടിരിക്കുന്നത്. സര്‍ക്കാരിന്റെയോ രാഷ്ട്രീയ പാര്‍ട്ടികളുടേയോ നയ നിലപാടുകളെ ജനാധിപത്യ രീതിയില്‍ വിമര്‍ശിക്കുക എന്നത് പതിവുള്ളതാണ്.
എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നു പ്രകടിപ്പിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം സര്‍ക്കാരിന്റെ ഉത്തരവാദപ്പെട്ട വകുപ്പുകളില്‍ ജോലിയെടുക്കുന്നവര്‍ ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ് ഇയാളില്‍ വ്യക്തമാക്കുന്നതെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സര്‍വീസില്‍ ഇരിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട ഒരു മര്യാദയും പാലിക്കാത്ത ഈ പോലിസുകാരനെതിരേ വകുപ്പുതല അന്വേഷണം നടത്തണം. പൗരന്മാരെനീതിപൂര്‍വം കാണാത്ത ഈ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണം. ഇന്ന് സമൂഹത്തിന്റെ ഒരു പരിച്ഛേദമായ സോഷ്യല്‍ മീഡിയയില്‍ ഒട്ടും മാന്യമല്ലാത്ത വിധം, അപമാനിക്കുന്ന തരത്തിലുള്ള നിരവധി അഭിപ്രായമാണ്ഇയാള്‍ നടത്തിയിരിക്കുന്നത്. ഒരു പ്രത്യേക സമുദായത്തെ മാത്രം അപമാനിക്കുന്ന വിധത്തിലുമുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെയും ന്യൂനപക്ഷങ്ങളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായങ്ങള്‍ മേലില്‍ ഉണ്ടാവാതിരിക്കാന്‍ ഉന്നത പോലിസ് മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും എന്‍സിഎച്ച്ആര്‍ഒ ജില്ലാ ഖജാഞ്ചി എ കാജാ ഹുസയ്ന്‍ അഭ്യര്‍ത്ഥിച്ചു.